application-model
ആപ്ലിക്കേഷൻ രൂപരേഖ

പൊന്നാനി: വീട്ടിൽ മാത്രമല്ല;ഇനി സ്‌ക്കൂളിലും സ്വന്തം മക്കൾ രക്ഷിതാക്കളുടെ കൺവെട്ടത്തായിരിക്കും. സ്‌കൂളിലെത്തുന്ന കുട്ടികളുടെ ഓരോ വിവരവും വിരൽ തുമ്പിലൊരുക്കി സ്‌കൂൾ രക്ഷാകർതൃ ബന്ധത്തിന്റെ പുതിയ പാഠം രചിക്കുകയാണ് പൊന്നാനി നഗരസഭ. പൊതു വിദ്യഭ്യാസ ശാക്തീകരണ പരിപാടിയായ അക്ഷരത്തിരയുടെ ഭാഗമായാണ് വി വിത്ത് യു എന്ന പേരിൽ സമഗ്ര സ്‌ക്കൂൾ മാനേജ്‌മെന്റ് മൊബൈൽ ആപ്ലിക്കേഷൻ തയ്യാറാക്കുന്നത്.സംസ്ഥാനത്ത് ആദ്യമായാണ് ഇത്തര മൊബൈൽ ആപ്ലിക്കേഷൻ പൊതു വിദ്യാലയങ്ങളിൽ നടപ്പാക്കുന്നത്.

കുട്ടികളുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും രക്ഷിതാക്കൾക്ക് ലഭ്യമാക്കുന്ന തരത്തിലാണ് ആപ്ലിക്കേഷൻ തയ്യാറാക്കുന്നത്. ഹാജർ നില മുതൽ പഠന നിലവാരം വരെ കൃത്യമായി അറിയാനാകും. കുട്ടികൾ സ്‌ക്കൂളിലെത്തിയില്ലെങ്കിൽ മൊബൈലിൽ വിവരമെത്തും.ക്ലാസ് കട്ട് ചെയ്തു മുങ്ങുകയെന്നതിന് അവസാനമാകും.പരീക്ഷകളിലെ പ്രോഗസ്സ് റിപ്പോർട്ടുകൾ ആപ്ലിക്കേഷൻ വഴിയെത്തും. ഇനി പ്രോഗ്രസ്സ് കാർഡുകൾ ഒപ്പിടാൻ മാത്രമായി സ്‌ക്കൂളിൽ പോകേണ്ടി വരില്ല. സ്‌ക്കൂൾ ബസ്സിന്റെ കാര്യത്തിലെ ആശങ്കക്കും പരിഹാരമുണ്ട്. ബസ് എവിടെയെത്തിയെന്നറിയാൻ ജി പി എസ് ട്രാക്കിംഗ് സംവിധാനവും ആപ്ലിക്കേഷനിലുണ്ട്.കൂടാതെ ടീച്ചിംഗ് എയിഡ്, ക്ലാസ് അടിസ്ഥാനത്തിലുള്ള പാരന്റ്സ് മാനേജ്‌മെന്റ് സിസ്റ്റം എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.

അധ്യാപകർക്കുള്ള ടീച്ചിംഗ് എയിഡുകൾ ആപ്ലിക്കേഷനിൽ ഒരുക്കും.പഠന സഹായകമായ വീഡിയോകളും ഓഡിയോകളും സജ്ജമാക്കും. ആപ്ലിക്കേഷൻ സജ്ജമാക്കുന്നതിൽ അധ്യാപകരടക്കുന്ന സെലക്ഷൻ കമ്മിറ്റിയാണുള്ളത്. എന്തെല്ലാം ഉൾകൊള്ളിക്കണമെന്ന കാര്യത്തിൽ ഇവരാണ് തീരുമാനമെടുക്കുക.

മുഴുവൻ രക്ഷിതാക്കൾക്കും യൂസർനൈമും പാസ് വേഡും അതാത് സ്‌ക്കൂളുകൾ നൽകും. രക്ഷിതാക്കൾക്ക് തങ്ങളുടെ കുട്ടികളുടെ വിവരങ്ങൾ മാത്രമാണ് ലഭിക്കുക.ക്ലാസ് ടീച്ചർമാർക്ക് ക്ലാസിലെ മുഴുവൻ കുട്ടികളുടേയും പ്രധാന അധ്യാപകർക്ക് സ്‌ക്കൂളിലെ മുഴുവൻ കുട്ടികളുടേയും വിവരങ്ങൾ ലഭിക്കും.നഗരസഭയിലെ കേന്ദ്ര ആപ്ലിക്കേഷനിൽ നഗരസഭയിലെ മുഴുവൻ വിദ്യാർത്ഥികളുടേയും വിവരങ്ങളുണ്ടാകും.നഗരസഭ പരിധിയിലെ മുഴുവൻ സർക്കാർ, എയിഡഡ് സ്‌ക്കൂളുകളിലും പദ്ധതി നടപ്പാക്കും. അധ്യാപകർ നിർദ്ദേശിച്ച മുഴുവൻ കാര്യങ്ങളും ആപ്ലിക്കേഷന്റെ ഭാഗമാക്കും.