തേഞ്ഞിപ്പലം/പരപ്പനങ്ങാടി: ചെനയ്ക്കലങ്ങാടിയിൽ 106.500 ലിറ്റർ മാഹിമദ്യവുമായി രണ്ട് പേരെ പരപ്പനങ്ങാടി എക്സൈസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കക്കോടി മിഥുൻ (35), തേഞ്ഞിപ്പലം കടക്കാട്ടുപാറ സ്വദേശി പ്രസീദ് അമ്പലപ്പാറ (39 വയസ്) എന്നിവരെയാണ് ഹ്യുണ്ടായ് ഇയോൺ കാറിൽ 213 കുപ്പികളുമായി പിടികൂടിയത്. ഡ്രൈഡേ മുന്നിൽ കണ്ട് വിതരണത്തിന് വൻതോതിൽ മാഹി മദ്യം എത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.ഡിമാന്റുളള സമയം നോക്കി സ്ഥിരമായി മദ്യം കടത്തുന്നവരാണ് പ്രതികൾ. മാഹിയിലെ ഏജന്റ് ഡ്രൈവർ മുഖാന്തരം തേഞ്ഞിപ്പലം സ്വദേശിക്ക് കൊടുത്തയച്ചതാണ് മദ്യമെന്നും എക്സൈസ് അറിയിച്ചു. ഏറെ നാളത്തെ നിരീക്ഷണത്തിനൊടുവിലാണ് പ്രതികളെ പിടിയിലായത്.
മലപ്പുറം എക്സൈസ് ഡിവിഷന്റെ ചരിത്രത്തിൽ നൂറിലധികം ലിറ്റർ മാഹി മദ്യവുമായി ഒരു കേസ് രജിസ്റ്റർ ചെയ്യുന്നത് ഇത് രണ്ടാം തവണയാണ്. റെയ്ഡിൽ എക്സൈസ് ഐ.ബി ഇൻസ്പെക്ടർ ജിനീഷ്, പ്രിവന്റീവ് ഓഫീസർമാരായ ടി.ഷിജുമോൻ, വി. കെ. സൂരജ്, പ്രജോഷ് കുമാർ, പി. ബിജു , സിവിൽ എക്സൈസ് ഓഫീസർമാരായ പ്രദീപ് കുമാർ, കെ. ശിഹാബുദ്ദീൻ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.