students
വിദ്യാർത്ഥികൾ തിയ്യേറ്ററിന് മുന്നിൽ

നിലമ്പൂർ: ആദ്യമായി ഒരുമിച്ചെത്തി സിനിമ കണ്ടതിന്റെ ആഹ്ലാദത്തിൽ നിലമ്പൂർ ഐ.ജി.എം.എം.ആർ സ്കൂളിലെ വിദ്യാർത്ഥികൾ. പ്രാക്തന ഗോത്ര വിഭാഗത്തിൽപെട്ട കുട്ടികൾക്കായുള്ള കലാലയത്തിലെ മുഴുവൻ വിദ്യാർത്ഥികളുമാണ് വെള്ളിയാഴ്ച നിലമ്പൂർ ഫെയറിലാന്റ് തിയ്യേറ്ററിലെത്തിയത്. ദൂരെ ഉൾവനങ്ങളിലെ കോളനികളിൽ നിന്നും വെളിയംതോടുള്ള മോഡൽ റസിഡൻസ് സ്കൂളിലെത്തി പഠനം നടത്തുന്നവരാണിവർ. സ്കൂളിൽ മുഴുവൻ സൗകര്യങ്ങളുണ്ടെങ്കിലും ഇത്തരത്തിൽ ഒരുമിച്ചൊരു പുറത്തിറങ്ങൽ സന്തോഷകരമാണെന്ന് കുട്ടികൾ പറയുന്നു. കായംകുളം കൊച്ചുണ്ണിയെന്ന സിനിമയാണ് കുട്ടുകൾ കണ്ടത്. ജില്ലാ കളക്ടർ സ്കൂൾ സന്ദർശിച്ചപ്പോൾ കുട്ടികളെ ഔട്ടിംഗിനു കൊണ്ടു പോവണമെന്ന നിർദ്ദേശം തന്നിരുന്നുവെന്നും ഇതിന്റെ ഭാഗമായാണ് സിനിമക്കെത്തിയതെന്നും പ്രധാനാദ്ധ്യാപിക ആർ .സൗദാമിനി പറഞ്ഞു. ഐ.ടി.ഡി.പി ഫണ്ടുപയോഗിച്ചു 560 പേർക്കും ടിക്കറ്റെടുത്തു. ഐ.ടി.ഡി.പി ഓഫീസർ ശ്രീകുമാറും എത്തിയിരുന്നു. തീയ്യേറ്ററിൽ വെള്ളിയാഴ്ചത്തെ 7മണി ഷോ ഇവർക്കു മാത്രമായി പ്രദർശനം നടത്തി. തിയേറ്റർ മാനേജ്മെന്റ് വക ചായയും സ്നാക്സും ഉണ്ടായിരുന്നു. മടങ്ങിപ്പോകാൻ ആർ.ടി.ഒ ഇ മോഹൻദാസിന്റെ നിർദ്ദേശത്തിൽ ബസ്സും ഒരുക്കിയിരുന്നു. അദ്ധ്യാപകരും മറ്റു ജീവനക്കാരും സ്കൂളിലെ എസ്.പി.സി ചാർജ്ജുള്ള സി.പി.ഒ മോഹൻദാസും നേതൃത്വം നൽകി.