കോട്ടക്കൽ: ഇന്ത്യയിൽ ഫുട്ബാൾ നിലവാരം ഉയർത്തുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന 'കിക്കോഫ് ' പദ്ധതിയുടെ ജില്ലയിലെ ആദ്യ പരിശീലന കേന്ദ്രമായ കോട്ടക്കൽ ഗവ.രാജാസ് ഹയർ സെക്കന്ററി സ്കൂളിൽ സെലക്ഷൻ ക്യാമ്പ് 6 ന് ആരംഭിക്കും.സ്കൂളിൽ ചേർന്ന യോഗം പ്രൊഫ .ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർപേഴ്സൺ ബുഷ്റഷബീർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ പി.ഉസ്മാൻ കുട്ടി, ടി.വി. സുലൈഖാബി, കൗൺസിലർമാരായ രാമചന്ദ്രൻ മoത്തിൽ, മങ്ങാടൻ അബ്ദു, സെപ്റ്റ് പ്രതിനിധി കുഞ്ഞിക്കോയ പി.കെ, റഫീഖ് എ.എം ,പ്രധാനാധ്യാപിക കെ.വി. ലത ,പി.ടി.എ. പ്രസിഡന്റ് എം.ഡി.രഘുരാജ് എന്നിവർ പങ്കെടുത്തു.
സംസ്ഥാന സ്പോർട്സ് യുവജന കാര്യ വകുപ്പ് നേതൃത്വം നൽകുന്ന പദ്ധതിയിൽ സംസ്ഥാനത്ത് തുടങ്ങുന്ന പതിനെട്ട് കേന്ദ്രങ്ങളിലൊന്നാണ് കോട്ടക്കലിലേത്. 2007 ജനുവരി 1 നും 2008 ഡിസംബർ 31 നും ഇടയിൽ ജനിച്ച കുട്ടികൾക്ക് 'കിക്കോഫ് ' പദ്ധതിയുടെ സെലക്ഷന് വേണ്ടി www.sportskeralakickoff.org എന്ന വെബ്സൈറ്റിൽ ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്. 6 ന് രാവിലെ 7 മണിക്ക് രാജാസ് സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന സെലക്ഷൻ ക്യാമ്പിൽ പങ്കെടുക്കാൻ കുട്ടികൾ രക്ഷിതാക്കളോടൊപ്പമാണ് എത്തേണ്ടത്. ജനന സർട്ടിഫിക്കറ്റ്, ആധാർ എന്നിവയുടെ കോപ്പി കൊണ്ടുവരേണ്ടതാണ്.