parappanagadi
പരപ്പനങ്ങാടി നാടുകാണി പാതയുടെ നിർമ്മാണം പുരോഗമിക്കുമ്പോൾ അഞ്ചപ്പുരയിലെ മുനിസിപ്പാലിറ്റിയുടെ ബസ്‌സ്റ്റോപ് പൊളിച്ചു മാറ്റുന്നു

പരപ്പനങ്ങാടി: ഏറെ വിവാദങ്ങൾക്കും തർക്കങ്ങൾക്കും ഒടുവിൽ പരപ്പനങ്ങാടി - നാടുകാണി പാതയുടെ നിർമ്മാണം വീണ്ടും തുടങ്ങി. പാതിവഴിയിൽ നിർമ്മാണ പ്രവൃത്തി നിർത്തുവെച്ചതിനെ തുടർന്നുണ്ടായ അസഹനീയമായ പൊടിശല്യം മൂലം പരപ്പനങ്ങാടിയിലെ വ്യാപാരികളും നാട്ടുകാരും ഏറെ ദുരിതത്തിലായിരുന്നു. ചെറമംഗലം മുതൽ മേൽപാലം വരെയുള്ള ഭാഗമാണ് പരപ്പനങ്ങാടി ടൗണിൽ നാടുകാണി പാതയിൽ ഉൾക്കൊള്ളുന്നത് . മുനിസിപ്പൽ ഓഫീസ് പ്രദേശം വരെ മറ്റു പ്രശ്നങ്ങളൊന്നുമില്ലാതെ തന്നെ ടാറിങ് ഒഴികെയുള്ള നിർമ്മാണം പൂർത്തിയായി. എന്നാൽ മുനിസിപ്പാലിറ്റി ഓഫിസ് പരിസരം മുതൽ നിർമ്മാണ പ്രവർത്തികൾ നടക്കുന്നതിനിടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമാകുന്നത് . ടൗണിലും അഞ്ചപ്പുര ഭാഗത്തും കൈയേറ്റങ്ങൾ നടന്നിട്ടുണ്ടെന്നും ഇതു പൂർണമായും ഒഴിപ്പിക്കാതെ നിർമ്മാണം നടത്താനാവില്ലെന്നും ആവശ്യപ്പെട്ടുകൊണ്ട് ഒരു വിഭാഗം സിപിഎം പ്രവർത്തകർ റോഡ് നിർമ്മാണം തടഞ്ഞു. ഇതോടെ മാസങ്ങളോളം വീണ്ടും പൊടി തിന്നേണ്ട അവസ്ഥയിലായി വ്യാപാരികളും നാട്ടുകാരും.ഇതിനിടെ വിവിധ രാഷ്ട്രീയ പാർട്ടികളുടെയും വ്യാപാരികളുടെയും അഭിമുഖ്യത്തിൽ റോഡ് ഉപരോധം ഉൾപ്പെടെയുള്ള സമരങ്ങളും നടത്തി. എംഎൽഎയുടെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത സർവ്വകക്ഷി പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ അഞ്ചംഗ സർവേ സമിതിയെ നിയമിക്കുകയും എത്രയും പെട്ടെന്ന് റിപ്പോർട്ട് പൊതുമരാമത്തു വകുപ്പിന് കൈമാറണമെന്നും തീരുമാനമായി .ഇതിന്റെ അടിസ്ഥാനത്തിൽ കൈയേറ്റങ്ങൾ കണ്ടെത്തിയ സ്ഥലത്തെ കെട്ടിടങ്ങളിൽ നോട്ടീസ് പതിക്കുകയും മറ്റു കെട്ടിടങ്ങൾ പൊളിച്ചു മാറ്റുകയും ചെയ്തുകൊണ്ടിരിക്കയാണിപ്പോൾ. ഡ്രൈനേജ് നിർമാണമാണ് ആദ്യ ഘട്ടത്തിൽ നടന്നുവരുന്നത് .സ്ഥലം കൂടുതലുള്ള ഭാഗം വീതി കൂടുതലായും അല്ലാത്തയിടങ്ങളിൽ പന്ത്രണ്ടു മീറ്ററും വീതിയിലാണ് നിർമ്മാണം നടത്തി വരുന്നത് .ഇതിനിടെ കെട്ടിടങ്ങൾ പൊളിച്ചു മാറ്റുന്നതിനെതിരെ ഒരു വിഭാഗവും പൊളിക്കാത്തതിനെതിരെ മറ്റൊരു വിഭാഗവും കൂടി രംഗത്ത് വന്നതോടെ നിർമ്മാണം വീണ്ടും പാതി വഴിയിൽ നിർത്തേണ്ടി വരുമോ എന്ന ആശങ്കയുമുണ്ട്.