താനൂർ: യുവതിയുടെ മാല കവർച്ച ചെയ്യാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ഒഴൂർ പുൽപ്പറമ്പ് സ്വദേശി നെല്ലിശ്ശേരി മൊയ്തീൻകുട്ടിയുടെ മകൻ ഷംസുദ്ദീനാണ്(31) പരപ്പനങ്ങാടി പൊലീസ് പിടിയിലായത്. വ്യാഴാഴ്ച വൈകീട്ട് 3.30ഓടെ അയ്യപ്പൻകാവ് വെച്ചാണ് സംഭവം. നടന്നു പോവുകയായിരുന്ന യുവതിയുടെ കഴുത്തിലെ സ്വർണമാല ബൈക്കിലെത്തിയ യുവാവ് പൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു. യുവതി ബഹളം വെച്ചതോടെ ഓടിക്കൂടിയ നാട്ടുകാർ പ്രതിയെ പിടികൂടി പൊലീസിൽ ഏല്പിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പുൽപ്പറമ്പിലെ യൂത്ത് ലീഗ് പ്രവർത്തകനാണ് ഷംസുദ്ദീൻ.