പൊന്നാനി: പൊന്നാനി അഴിമുഖത്തിന് സമീപം ഫിഷിംഗ് ഹാർബറിൽ പൊളിക്കാനായി നിർത്തിയിട്ട മത്സ്യ ബന്ധന ബോട്ടിൽ തീപിടുത്തം. പൊന്നാനി സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ഹാഷിം ബോട്ടിലാണ് വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെയാണ് തീപിടുത്തമുണ്ടായത്. ബോട്ട് നഷ്ടത്തിലായതിനെത്തുടർന്ന് പൊളിച്ചുമാറ്റാൻ ക്വട്ടേഷൻ നൽകിയിരുന്നു. തുടർന്ന് ബോട്ടിന്റെ കുറച്ചു ഭാഗം പൊളിച്ചു നീക്കുകയും ചെയ്തിരുന്നു. വൈകുന്നേരം ബോട്ടിന്റെ ഭാഗങ്ങൾ പൊളിച്ചു നീക്കുന്ന പ്രവൃത്തികൾക്ക് ശേഷം തൊഴിലാളികൾ മടങ്ങിയതിന് ശേഷം എട്ടു മണിയോടെയാണ് തീപിടുത്തമുണ്ടായത്.ബോട്ടിൽ തീ പടരുന്നത് കണ്ട മത്സ്യത്തൊഴിലാളികൾ ഓടിയെത്തുകയും ഫയർ ഫോഴ്‌സിലും പൊലീസിലും വിവരമറിയിക്കുകയും ചെയ്തു . സംഭവമറിഞ്ഞ് നിരവധി പേർ സ്ഥലത്തെത്തുകയും, തഹസിൽദാർ പി.അൻവർ സാദത്തിന്റെ നിർദ്ദേശപ്രകാരം ഫയർ ഫോഴ്‌സ് സ്ഥലത്തെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ തീയണക്കുകയും ചെയ്തു. അഗ്‌നിബാധയുണ്ടായ ബോട്ടിന് സമീപത്തായി നിരവധി മത്സ്യ ഷെഡുകളാണ് ഉള്ളത്. ഡീസൽ ഉൾപ്പെടെ സംഭരിക്കുന്നത് ഇത്തരം ഷെഡുകളിലുമാണ്. തീ പടർന്നിരുന്നെങ്കിൽ വലിയ ദുരന്തമാണുണ്ടാവുക. സംഭവത്തിൽ ദുരൂഹതയുള്ളതായി പ്രദേശവാസികൾ പറഞ്ഞു.