chicken
ചി​ക്കൻഫാം

മലപ്പുറം: പ്രളയം വരുത്തി​യ നഷ്ടത്തി​ൽ നി​ന്ന് കരകയറാനുള്ള ശ്രമത്തിനിടെ കേരളത്തിലെ കോഴിഫാമുകൾ വീണ്ടും കടുത്ത പ്രതിസന്ധിയിലേക്ക്. ഉത്പാദനചെലവ് തന്നെ കി​ട്ടാതെ വരുന്ന അവസ്ഥയെ നേരി​ടുമ്പോൾ കർഷകർ പി​ടി​ച്ചു നി​ൽക്കാൻ പാടുപെടുകയാണ്.

സ്റ്റോക്ക് തീർന്നതോടെ മൊത്തവില കുത്തനെ കുറച്ചുള്ള തമിഴ്‌ലോബിയുടെ കുതന്ത്രത്തിൽ ഒരാഴ്ച്ചയ്ക്കിടെ കിലോയ്ക്ക് അമ്പത് രൂപയിലധികം കുറഞ്ഞു.

കഴി​ഞ്ഞ ദി​വസം ഫാമുകളിൽ നിന്ന് 76 - 78 രൂപയ്ക്കാണ് മൊത്തവിതരണക്കാർ കോഴികളെ വാങ്ങിയത്. 130 രൂപ ലഭിച്ച സ്ഥാനത്താണിത്. കേരളത്തിൽ ഒരുകിലോ കോഴി വളർത്തി​യെടുക്കാൻ 78 രൂപയോളം ചെലവാകും. കിലോയ്ക്ക് 85 രൂപയെങ്കിലും ലഭിച്ചാലേ മുന്നോട്ടുപോകാനാവൂ. അതേസമയം ചില്ലറ വിപണിയിൽ ഒരുകിലോ ഇറച്ചിക്ക് 155 മുതൽ 170 രൂപ വരെ ഈടാക്കുന്നുണ്ട്.

ഫാമുകളിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് വാങ്ങി ഇടനിലക്കാരും കച്ചവടക്കാരുമാണ് കൊള്ളലാഭമുണ്ടാക്കുന്നത്. തമിഴ് ലോബി നിശ്ചയിക്കുന്ന വില പ്രകാരമാണ് കേരളത്തിലെ ഫാമുകളിൽ നിന്ന് മൊത്തവിതരണക്കാർ കോഴികളെ വാങ്ങുന്നത്. 45 ദിവസം കഴിഞ്ഞാൽ കോഴികളെ ഫാമിൽ സൂക്ഷിക്കുന്നത് അധികച്ചെലവാണ്. ആയിരം കോഴികളുളള ഒരു ഫാമിന് തീറ്റയിനത്തിൽ ദിവസം 6,000 രൂപയോളം അധികം ചെലവാകും.

കേരളത്തിലെ മൂന്ന് ലക്ഷത്തോളം ഫാമുകളിൽ നല്ലൊരു പങ്കും ഇടത്തരം, ചെറുകിട ഫാമുകളാണ്. ജോലി നഷ്ടപ്പെട്ട പ്രവാസികളാണ് സംരംഭകരിലേറെയും. സംസ്ഥാനത്ത് ഒരുവർഷം അഞ്ചര ലക്ഷം ടൺ കോഴിയിറച്ചി ആവശ്യമുണ്ടെന്നാണ് കെപ്‌കോയുടെ കണക്ക്. ഇതിൽ 660 ടണ്ണാണ് കെപ്കോയുടെ സംഭാവനയെന്ന് മാർക്കറ്റിംഗ് മാനേജർ വി. സുകുമാരൻ നായർ പറഞ്ഞു.

കർഷകരുരെ ലാഭം

വട്ടപ്പൂജ്യം

അടച്ചുപൂട്ടി​യത് അരലക്ഷം ഫാമുകൾ

അടുത്തിടെ സംസ്ഥാനത്ത് കോഴിഫാം മേഖലയിലേക്ക് നിരവധിപേർ വന്നതോടെ ഇതരസംസ്ഥാനങ്ങളിൽ നിന്നുളള ഇറക്കുമതി പകുതിയിലധികം കുറഞ്ഞിരുന്നു. കോഴി വില തോന്നിയപോലെ വർദ്ധിപ്പിക്കാനുളള ഇതരസംസ്ഥാന ലോബികളുടെ ശ്രമങ്ങൾക്കിത് തിരിച്ചടിയായി. ഇതോടെ കോഴിക്കുഞ്ഞുങ്ങളുടെ വില വൻതോതിൽ ഉയർത്തിയും കോഴിയുടെ മൊത്തവില കുറച്ചും തമിഴ്‌ലോബി നടത്തിയ കളിയെ തുടർന്ന് കേരളത്തിലെ അരലക്ഷത്തോളം ഫാമുകൾ അടച്ചുപൂട്ടി.

കോഴി​ക്കുഞ്ഞി​ന് കൂട്ടി​യത്

13 രൂപ

കേരളത്തിലേക്കുള്ള ഒരുദിവസം പ്രായമായ കോഴിക്കുഞ്ഞിന് തമിഴ്‌നാട് ബ്രോയിലേഴ്‌സ് കോ ഓഡിനേഷൻ കഴി​ഞ്ഞദി​വസം 38 രൂപയാണ് ഈടാക്കിയത്. നേരത്തെ പരമാവധി 25 രൂപയ്ക്ക് ലഭിച്ചിരുന്നു. തമിഴ്‌നാട്ടിൽ 17 രൂപ മതി. കേരളത്തിലേക്ക് 80 ശതമാനം കോഴിക്കുഞ്ഞുങ്ങളെയും വിതരണം ചെയ്യുന്നത് ഇവരാണ്. 40 ദിവസത്തിനുള്ളിൽ രണ്ടര കിലോഗ്രാം വരെ തൂക്കം വയ്ക്കുന്ന വാൻകോബ് 500 എന്ന ഇനം കോഴിക്കുഞ്ഞുങ്ങളെയാണ് കേരളത്തിലും തമിഴ്‌നാട്ടിലും വളർത്തുന്നത്. വിദേശിയായ ഇവയുടെ പാരന്റ് ബേഡിനെ വളർത്താനുള്ള അവകാശം തമിഴ്‌നാട് ലോബിക്കാണ്. തീറ്റ, മരുന്ന്, കൂലി എന്നിവ കുറവായതിനാൽ തമി‌ഴ്‌നാട്ടിൽ ഒരുകിലോ കോഴി ഉത്പാദിപ്പിക്കാൻ 55 രൂപ മതി.

കേരളത്തിലെ കർഷകർക്ക്

ഗുണമി​ല്ല

കോഴി വില വർദ്ധനവിന്റെ ആനുകൂല്യം നേടിയത് തമിഴ്‌ലോബിയാണ്. കേരളത്തിലെ കർഷകർക്ക് ഉത്പാദനച്ചെലവ് പോലും ലഭിക്കുന്നില്ല. ഈ നില തുടർന്നാൽ കേരളത്തിലെ ഫാം മേഖല തകർന്നടിയും.

ഖാദറലി വറ്റല്ലൂർ, സംസ്ഥാന ജനറൽ സെക്രട്ടറി,

കേരള പൗൾട്രി ഫാർമേഴ്സ് അസോസിയേഷൻ