തിരൂർ: കേരളത്തിന്റെ വിവിധ മേഖലകളുടെ ചരിത്രം പ്രതിപാദിക്കുന്ന ആറാം അന്താരാഷ്ട്ര കേരള ചരിത്ര സമ്മേളനം നവംബർ 16, 17, 18 തീയതികളിൽ മലയാള സർവകലാശാല അക്ഷരം കാമ്പസിൽ നടക്കും. 16ന് രാവിലെ 10ന് മന്ത്രി ഡോ. കെ.ടി. ജലീൽ ഉദ്ഘാടം ചെയ്യും. എം.ടി. വാസുദേവൻ നായരെ ആദരിക്കും. ജവഹർലാൽ നെഹ്രു സർവകലാശാല മുൻ ചരിത്രവിഭാഗം പ്രൊഫ. ഡോ.ഹർബൻസ് മുഖിയ മുഖ്യപ്രഭാഷണം നടത്തും. വിവിധ അനുസ്മരണപ്രഭാഷണങ്ങളുമുണ്ടാവും. 17ന് 'വിശ്വാസം, മതം, ഭരണഘടന' എന്ന വിഷയത്തിൽ നടക്കുന്ന സിമ്പോസിയത്തിൽ പ്രൊഫ. രാം പുണിയാനി , പ്രൊഫ. കെ.എൻ. ഗണേഷ്, ഡോ. സുനിൽ പി. ഇളയിടം എന്നിവർ പ്രസംഗിക്കും. ആയിരത്തോളം ഗവേഷകരും ചരിത്രാന്വേഷകരും പങ്കെടുക്കുന്ന സമ്മേളനത്തിൽ പ്രാചീന, മദ്ധ്യകാല, ആധുനിക കേരളചരിത്രത്തിലും അനുബന്ധ മേഖലകളിലും പ്രബന്ധാവതരണങ്ങളും വിവിധ പ്രദർശനങ്ങളും പുസ്തകോത്സവവും നടക്കും. കേരള കലാമണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ 'ശതമോഹനം' മോഹിനിയാട്ടം നൃത്താവിഷ്‌കാരം, ഗസൽസന്ധ്യ, മലയാള സർവകലാശാലാ വിദ്യാർത്ഥികളുടെ കലാപരിപാടികൾ എന്നിവയുണ്ടാവും. സമ്മേളനത്തിൽ പങ്കെടുക്കാൻ ഓൺലൈനായി രജിസ്റ്റർ ചെയ്യാനും പ്രബന്ധങ്ങൾ സമർപ്പിക്കാനുമുള്ള അവസാനതീയതി നവംബർ 13 ആണ്. മികച്ച പ്രബന്ധങ്ങൾക്ക് പ്രശസ്തിപത്രവും കാഷ് അവാർഡുമുണ്ടാവും. ഡോ. കെ.ടി. ജലീൽ ചെയർമാനും എം.എൽ.എമാരായ വി. അബ്ദുറഹ്മാൻ , സി. മമ്മൂട്ടി എന്നിവർ വർക്കിംഗ് ചെയർമാരായും 25 അംഗങ്ങളടങ്ങിയ സ്വാഗതസംഘം രൂപവത്കരിച്ചു.