പെരിന്തൽമണ്ണ: ജില്ലാ ആശുപത്രിയിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് മൂലം രോഗികൾ അനുഭവിക്കുന്ന പ്രയാസത്തിന് അടിയന്തര പരിഹാരം കാണാൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണനും എച്ച്.എം.സി അംഗവും സി.പി.എം പെരിന്തൽമണ്ണ ഏരിയാ സെക്രട്ടറിയുമായ വി.രമേശനും നിയമസഭ സ്പീക്കർ പി.ശ്രീരാമകൃഷ്ണനെ തിരുവനന്തപുരത്തെ വസതിയിൽ ചെന്നു കണ്ട് ചർച്ച നടത്തി. സ്പീക്കർ പെരിന്തൽമണ്ണ നിവാസിയായതിനാൽ അദ്ദേഹത്തെ ഈ കാര്യത്തിൽ ഇടപെടുത്തണമെന്ന ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ആശുപത്രിയിലേക്ക് ആവശ്യമായ ജീവനക്കാരുടെ വിശദമായ കണക്കുകളുമായി ഇരുവരും സ്പീക്കറെ നേരിൽ കണ്ടത്. സ്ത്രീകൾക്കും കുട്ടികൾക്കും മാത്രമായി അഞ്ചുകോടി രൂപ ചെലവിൽ പണിത കെട്ടിടത്തിലെ സൗകര്യങ്ങൾ ജീവനക്കാരുടെ കുറവ് കാരണം പൂർണ്ണതോതിൽ പ്രയോജനപ്പെടുത്താനായിട്ടില്ല. പാലിയേറ്റീവ് വാർഡ് പ്രത്യേകമായി സജ്ജീകരിച്ചിട്ടുണ്ടെങ്കിലും പ്രവർത്തനത്തിന് ജീവനക്കാരുടെ കുറവ് തടസ്സമാണ്. ആരോഗ്യവകുപ്പ് മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ സ്പീക്കറുടെ ഓഫീസിൽ പ്രത്യേകം യോഗം വിളിക്കാമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഇരുവരെയും അറിയിച്ചു.