മലപ്പുറം: തിങ്കളാഴ്ച ശബരിമല നട തുറന്നു ചൊവ്വാഴ്ച അടയ്ക്കുന്ന 30 മണിക്കൂറിനുള്ളിൽ ആക്ടിവിസ്റ്റുകളെ കയറ്റാണ് ചിലരുടെ നീക്കമെന്നും ഇതിനെ വിശ്വാസികളെ ചേർത്തുകൊണ്ട് പ്രതിരോധിക്കുമെന്നും രാഹുൽ ഈശ്വർ പറഞ്ഞു. അയ്യപ്പ ഭക്ത സമിതിയുടെ അയ്യപ്പ ഭക്തജന കൂട്ടായ്മയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തമിഴ്നാട്ടിൽ നടന്ന ജെല്ലിക്കെട്ട് പ്രതിഷേധത്തിനേക്കാൾ വലുതാണ് കേരളത്തിൽ നടന്ന ശബരിമല പ്രക്ഷോഭം. കോടികളുടെ വരുമാനം തിരുവിതാംകൂർ ദേവസ്വത്തിന് നൽകുന്ന ശബരിമലയ്ക്കു വേണ്ടി 10 ലക്ഷം നൽകി മികച്ച അഭിഭാഷകനെ നിയമിക്കാൻ ബന്ധപ്പെട്ടവർ ശ്രമിച്ചില്ല. വിശ്വാസികളെ എതിർക്കുന്ന ഒരു കൂട്ടർ മാത്രമാണ് സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്നത്. നിരീശ്വരവാദം പ്രചരിപ്പിക്കുക മാത്രമാണ് ഇക്കൂട്ടരുടെ ലക്ഷ്യം. 13ന് സുപ്രീംകോടതിയിൽ നിന്ന് അനുകൂല വിധി നേടുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. പന്തളം കൊട്ടാരം പ്രതിനിധി ശശികുമാർ വർമ്മ ഉദ്ഘാടനം ചെയ്തു. പി. സുബ്രഹ്മണ്യൻ അദ്ധ്യക്ഷനായി. കെ.എൻ.എ ഖാദർ എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തി. സുബ്രഹ്മണ്യൻ ചുങ്കപ്പളളി, ശുഭ ലക്ഷ്മി, സ്വാമി വേദ ചൈതന്യ, ഫാ. കെ.എസ്. ജോസ്, കെ.എം. ഗിരിജ പ്രസംഗിച്ചു.