നിലമ്പൂർ: ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ നിലമ്പൂരിൽ നടന്ന നാമജപഘോഷയാത്രയിലും അയ്യപ്പഭക്ത സംഗമത്തിലും പങ്കെടുത്തത് ആയിരങ്ങൾ. വെളിയംതോട് നിന്നും വൈകിട്ട് മൂന്നോടെ ആരംഭിച്ച നാമജപഘോഷയാത്ര നാലരയോടെയാണ് നിലമ്പൂരിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിലേക്ക് എത്തിയത്. സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങൾ ശരണം വിളികളോടെയാണ് കനത്ത മഴയെ അവഗണിച്ച് ഘോഷയാത്രയിൽ അണിനിരന്നത്.അയ്യപ്പസംഗമം അയ്യപ്പസേവാ സമാജം അഖിലേന്ത്യാ ഉപാദ്ധ്യക്ഷൻ സ്വാമി അയ്യപ്പദാസ് ഉദ്ഘാടനം ചെയ്തു. പാലേമാട് വിവേകാനന്ദ പഠനകേന്ദ്രം കാര്യദർശിയും സ്വാഗതസംഘം ചെയർമാനുമായ കെ.ആർ. ഭാസ്കരൻപിള്ള അദ്ധ്യക്ഷത വഹിച്ചു. വിദ്യാസാഗർ ഗുരുമൂർത്തി മുഖ്യപ്രഭാഷണം നടത്തി. ആത്മസ്വരൂപാനന്ദ സ്വാമി,ഡോ. ധർമ്മാനന്ദസ്വാമി എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തി. എസ്.എൻ.ഡി.പി നിലമ്പൂർ യൂണിയൻ സെക്രട്ടറി ഗിരീഷ് മേക്കാട്, വി.എസ്. പ്രസാദ്, കെ. നാരായണൻകുട്ടി, ഇ.എം. സുധാകരൻ, കെ.വേണുഗോപാൽ, എം.വി. ബാലകൃഷ്ണൻ, ഡോ. ജെ. ഗീതാകുമാരി, ടി. വസുമതി, രുഗ്മിണി ഗോപാലകൃഷ്ണൻ, ഒ. ഗംഗാധരൻ, കെ. ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.