പെരിന്തൽമണ്ണ: മങ്കട ഉപജില്ല കലോത്സവം കഴിഞ്ഞു മടങ്ങുകയായിരുന്ന ലൈറ്റ് ആന്റ് സൗണ്ട് ജീവനക്കാരെ സംഘം ചേർന്ന് ആക്രമിച്ച കേസിൽ രണ്ട് പ്രതികളെ കൊളത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു. മങ്കട വെള്ളിലയിലെ ചോലക്കാട്ട്തൊടി ഹംസ(42), മങ്കട കൂട്ടിൽ ആലങ്ങാടൻ ആബിദ് അൻസാർ (28) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 11.30ഓടെ മാലാപ്പറമ്പ് എം.ഇ.എസ് മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപം വച്ചായിരുന്നു അക്രമം. വാനിലും ബൈക്കിലുമായെത്തിയ സംഘം ലൈറ്റ് ആന്റ് സൗണ്ട് ജീവനക്കാർ സഞ്ചരിച്ചിരുന്ന വാഹനങ്ങൾ തടഞ്ഞ് ജീവനക്കാരെ ആക്രമിച്ചു. മങ്കട ഉപജില്ല കലോത്സവമേളയ്ക്ക് കുറഞ്ഞ നിരക്കിൽ ക്വട്ടേഷൻ നൽകിയതുമായി ബന്ധപ്പെട്ടാണ് ആക്രമണം നടന്നത്. മങ്കടയിലെയും സമീപ പ്രദേശത്തെയും ആളുകൾ നൽകിയ ക്വട്ടേഷനെക്കാൾ കുറഞ്ഞ നിരക്കിൽ വളാഞ്ചേരിയിലെ റാഫി ലൈറ്റ് ആന്റ് സൗണ്ട് പരിപാടി ഏറ്റെടുത്തത്. കൊളത്തൂർ എസ്.ഐ പി. സദാനന്ദൻ, എ.സ്.ഐ റെജിമോൻ ജോസഫ് , സി.പി.ഒമാരായ ഷറഫുദ്ദീൻ , ഷജീർ, മിഥുൻ എന്നിവരടങ്ങിയ സംഘമാണ് എന്നിവരെ അറസ്റ്റ് ചെയ്തത്.