മലപ്പുറം: സീസൺ അനുസരിച്ച് കോഴിയുടെ വില ഉയർത്തുന്ന ഇതരസംസ്ഥാന ലോബികളെ നിയന്ത്രിക്കാനും എല്ലാകാലത്തും ഒരേനിരക്കിൽ കോഴിയിറച്ചി ലഭ്യമാക്കാനും ലക്ഷ്യമിട്ടുള്ള കേരള ചിക്കൻ പദ്ധതിയുടെ പ്രവർത്തനങ്ങൾ ജില്ലയിൽ അവസാന ഘട്ടത്തിൽ. ജില്ലയിൽ പദ്ധതി നടപ്പാക്കാൻ ചുമതലപ്പെട്ട മലപ്പുറം പൗൾട്രി ഫെഡറേഷൻ 40 കോഴിക്കടകളുമായി ഇതിനകം കരാറിലെത്തി. നിലവിൽ കോഴിക്കച്ചവടം നടത്തുന്നവരും പുതുതായി കേരളചിക്കന് വേണ്ടി കടകൾ തുടങ്ങുന്നവരും ഇക്കൂട്ടത്തിലുണ്ട്. പെരിന്തൽമണ്ണ, മക്കരപ്പറമ്പ്, ചട്ടിപ്പറമ്പ്, വൈലത്തൂർ, തിരൂർ, താനൂർ, പരപ്പനങ്ങാടി, മേലാറ്റൂർ, പാണ്ടിക്കാട് എന്നിവിടങ്ങളിൽ പുതിയ കടകൾ തുടങ്ങും. കേരള ചിക്കന്റെ പ്രത്യേക ബോർഡുകളടക്കം കടകളിൽ സ്ഥാപിക്കും. കെപ്കോ, വയനാട്ടിലെ ബ്രഹ്മഗിരി എന്നിവയുടെ സഹകരണത്തോടെയും സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെയുമാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം നവംബറിൽ മലപ്പുറത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ജനുവരിക്കുള്ളിൽ പദ്ധതിയുടെ ആദ്യഘട്ടം നടപ്പിലാക്കും. തുടക്കത്തിൽ 75,000 മുതൽ ഒരുലക്ഷം കോഴികളെയാണ് തിരഞ്ഞെടുത്ത കടകൾ വഴി വിൽക്കുക. കോഴിക്കുഞ്ഞ്, തീറ്റ, മരുന്ന് എന്നിവ ഫെഡറേഷൻ നൽകും. വളർത്തുകൂലി ഇനത്തിൽ കർഷകർക്ക് ഒരുകിലോയ്ക്ക് 11 രൂപ നൽകും. നിലവിൽ തമിഴ്നാട് ലോബി കിലോയ്ക്ക് അഞ്ചര രൂപയാണ് നൽകുന്നത്. മികച്ച വില ലഭിക്കുന്നതിനാൽ പദ്ധതിയിലേക്ക് താത്പര്യം പ്രകടിപ്പിച്ച് നിരവധി കർഷകരാണ് മലപ്പുറം പൗൾട്രി ഫെഡറേഷനെ ബന്ധപ്പെടുന്നത്. രണ്ടാംഘട്ടത്തിൽ പദ്ധതി കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നതിനാൽ കൂടുതൽ കർഷകരെ ഉൾപ്പെടുത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പൗൾട്രി ഫെഡറേഷൻ സാരഥികൾ.