speaker
കുറ്റിക്കാട് കണ്ണപ്പിൽ വാവുവാണിഭം പൈതൃകോത്സവം നിയമസഭ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

പൊന്നാനി: ആറാം തമ്പുരാന്മാരുടെ കാലം തിരിച്ചുവരുമെന്നത് മിഥ്യാബോധമാണെന്ന് നിയമസഭ സ്പീക്കർ പി ശ്രീരാമകൃഷണൻ പറഞ്ഞു. നൂറ്റാണ്ടുകൾ പഴക്കമുള്ള പൊന്നാനി കുറ്റിക്കാട് കണ്ണപ്പിൽ വാവുവാണിഭത്തെ സംസ്ഥാന ടൂറിസം വകുപ്പ് പൈതൃകോത്സവമായി പ്രഖ്യാപിച്ചതിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊട്ടരങ്ങളും തമ്പുരാനിസവും ചവറ്റുകൊട്ടയിലിടപെട്ടതാണ്. കാലം ചവറ്റുകൊട്ടയിൽ എറിഞ്ഞതൊന്നും തിരിച്ചു വരില്ല. സവർണ്ണ ബോധത്തോടെയുള്ള സാംസ്‌ക്കാരിക രീതികളെ പൊളിച്ചെഴുതണം.സംസ്‌ക്കാരങ്ങൾ വെട്ടിയൊട്ടിക്കപ്പെട്ട കൊളാഷുകളായി മാറി. ആചാരങ്ങൾ എല്ലാ കാലത്തും തുടരേണ്ട കീഴ്‌വഴക്കങ്ങളല്ല. ആചാരങ്ങളുടെ അടിസ്ഥാനം ഭൗതിക കാരണങ്ങാണ്. പൂർവ്വികർ ചെയ്ത നവോത്ഥാനങ്ങൾ പറഞ്ഞു നടക്കുന്നവരായി ചുരുങ്ങുന്നത് സാമൂഹ്യപ്രസ്ഥാനങ്ങൾക്ക് ഭൂഷണമല്ല. പുതിയകാലത്തെ പരിഷ്‌ക്കാര മുന്നേറ്റങ്ങളോട് പുറം തിരിഞ്ഞു നിൽക്കുന്നവർ കാലത്തോട് അനീതി പ്രവർത്തിക്കുന്നവരാണ്. ഭരണഘടന അട്ടത്തു വെക്കാനുള്ള പുസ്തകമല്ല. ഭരണഘടനയെ വെല്ലുവിളിക്കുന്നത് സാമൂഹ്യ ഘടനയെ വെല്ലുവിളിക്കലാണെന്ന് സ്പീക്കർ പറഞ്ഞു. നഗരസഭ ചെയർമാൻ സി.പി മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. മുൻ രാജ്യസഭാംഗം സി ഹരിദാസ് മുഖ്യാതിഥിയായി. വി.വി രാമകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ വൈസ് ചെയർപേഴ്‌സൺ വി.രമാദേവി, ടി മുഹമ്മദ് ബഷീർ, എ.കെ ജബ്ബാർ, ഉണ്ണികൃഷ്ണൻ പൊന്നാനി, എം.പി സേതുമാധവൻ, കെ പ്രദോഷ്, നഗരസഭ സെക്രട്ടറി വിനോദ് കുമാർ എന്നിവർ സംസാരിച്ചു.