തേഞ്ഞിപ്പലം : മൂന്നിയൂർ - തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തയ്യിലക്കടവ് മാതാപുഴ റോഡിൽ ചെർന്നൂർ ചാലിതോടിന് കുറുകെ പാലത്തിങ്ങൽ കാട് ഭാഗത്ത് നിർമിക്കുന്ന വി.സി.ബി കം ബ്രിഡ്ജിന്റെ ശിലാസ്ഥാപന കർമം പി.അബ്ദുൽഹമീദ് എം.എൽ.എ നിർവഹിച്ചു. എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും അനുവദിച്ച അറുപത് ലക്ഷം രൂപ വിനിയോഗിച്ചാണ് പാലവും വിസിബിയും നിർമ്മിക്കുന്നത്. ചടങ്ങിൽ ജില്ലാപഞ്ചായത്ത് മെമ്പർ ബക്കർ ചെർന്നൂർ അധ്യക്ഷനായി. തയ്യിലക്കടവ് മാതാപുഴ റോഡ് വലില്ലത്ത് അബ്ദുൽ ഖാദിർ ഹാജി സ്മാരക റോഡ് എന്നപേരിലാകും ഇനി അറിയപ്പെടുക. റോഡിന് നാമകരണം ചെയ്യൽ കർമം മൂന്നിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുട്ടശ്ശേരി ശരീഫ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എ.കെ അബ്ദുറഹ്മാൻ, തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫിയറസാഖ് തോട്ടത്തിൽ, ബ്ലോക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് വി.കെ സുബൈദ, മൂന്നിയൂർ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് എൻ.എം അൻവർ സാദാത്ത്, വാർഡ് മെമ്പർ എം എം ജംഷീന തുടങ്ങിയവർ സംസാരിച്ചു.