പൊന്നാനി: ആർത്തവ രക്തം പുരണ്ട സാനിറ്ററി നാപ്കിനുകൾ കഴുകി ഉപയോഗിക്കുന്ന സ്ത്രീ സമൂഹത്തെ കുറിച്ച് ആലോചിക്കാനാകുമൊ. അലക്ഷ്യമായി വലിച്ചെറിഞ്ഞ പാഡുകൾ നായ കടിച്ച് വീട്ടുമുറ്റത്തു കൊണ്ടുവന്നിടുന്ന ദൈനംദിന കാഴ്ച്ചകൾ ഉൾകൊള്ളാനാകുമൊ. ആർത്തവകാലത്ത് പഴന്തുണികളുടെ ശേഖരം അന്വേഷിച്ചു പോകുന്നവരെ കുറിച്ച് എന്താണ് തോന്നുക, ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ കൺമുന്നിൽ കണ്ട യാഥാർത്ഥ്യങ്ങളോട് ശുചിത്വത്തിന്റെ നല്ല പാഠവുമായി പരിഹാര പോരാട്ടത്തിലാണ് ദിൽഷ ജുബൈർ എന്ന മലയാളി പെൺകുട്ടി. രാജസ്ഥാനിലെ അജ്മീർ ജില്ലയിലെ തിലോണിയ ഗ്രമത്തിലാണ് പൊന്നാനിക്കാരിയുടെ വിപ്ലവാത്മക ഇടപെടൽ ആരോഗ്യ ശുചിത്വത്തിന്റെ നല്ല പാഠങ്ങൾ രചിക്കുന്നത്. തൃശൂർ ഗവ. എഞ്ചിനിയറിംഗ് കോളേജിൽ നിന്ന് ബി ടെക് പൂർത്തിയാക്കിയ ദിൽഷ എസ്.ബി.ഐയുടെ യൂത്ത് ഫോർ ഇന്ത്യ ഫെലോഷിപ്പിന്റെ ഭാഗമായാണ് രാജസ്ഥാനിലെത്തുന്നത്. ബെയർ ഹൂട്ട് കേളേജ് എന്ന എൻ.ജി.ഒയ്ക്ക് കീഴിലായിരുന്നു പ്രൊജക്ട്. പ്രവർത്തന മേഖല തിലോന്നിയ ഗ്രാമം. ശുചീകരണത്തിന്റെ അടിസ്ഥാന പാഠങ്ങളൊന്നും തൊട്ടു തീണ്ടാത്ത പ്രദേശം. പരിസര ശുചീകരണത്തിലെന്ന പോലെ ആരോഗ്യ ശുചീകരണത്തിലും വട്ടപൂജ്യമായിരുന്നു അവർ. ആർത്തവ പരിപാലനത്തിൽ പ്രാകൃത രീതിയെ പിന്തുടരുന്നവരായിരുന്നു ഏറെയും. വെള്ളത്തിന്റെ ക്ഷാമം ശുചീകരണത്തിന്റെ അടിസ്ഥാന പാഠങ്ങളെ പോലും കയ്യൊഴിയേണ്ടിവന്നു.
എട്ട് വർഷം മുന്നെ സ്ഥാപിച്ച സാനിറ്ററി നാപ്കിൻ യൂണിറ്റിനെയാണ് ഗ്രാമം ആശ്രയിച്ചിരുന്നത്. ഒട്ടും ശരീര സൗഹൃദമായിരുന്നില്ല ഇവിടെ നിന്നുള്ള നാപ്കിനുകൾ. മികച്ച സാനിറ്ററി നാപ്കിനുകൾ വിപണിയിൽ ലഭ്യമാണെന്ന് അവിടത്തുകാർക്കറിയാമായിരുന്നു. പരിമിതികളിൽ ജീവിക്കുന്ന അവർക്ക് അസൗകര്യങ്ങളെ കൂടെ കൂട്ടേണ്ടി വന്നു. കേരളത്തിൽ നിന്നെത്തിയ ദിൽഷക്ക് തികച്ചും ആശ്ചര്യകരമായ കാഴ്ച്ചയായിരുന്നു ഇവയൊക്കെ. കുറഞ്ഞ ചിലവിൽ പ്രകൃതി സൗഹൃദ നാപ്കിൻ ഗ്രാമത്തിൽ സാർവത്രികമാക്കണമെന്ന ആശയത്തോടെയാണ് ദിൽഷ തന്റെ പ്രൊജക്ടിന് രൂപം നൽകിയത്.
11.50 രൂപ നിർമ്മാണ ചിലവുള്ള നാപ്കിൻ രണ്ട് രൂപക്കാണ് ഗ്രാമവാസികൾക്ക് നൽകിയിരുന്നത്. വിലയും ചിലവും തമ്മിൽ വലിയ അന്തരമുണ്ടായതിനാൽ സാമ്പത്തിക സുസ്ഥിരത യൂണിറ്റിനുണ്ടായിരുന്നില്ല. പുതിയ അസംസ്‌കൃത ഉൽപന്നങ്ങൾ ഉപയോഗിച്ച് ചിലവ് കുറഞ്ഞതും പ്രകൃതി സൗഹൃദവുമായ നാപ്കിൻ നിർമ്മിക്കാൻ ദിൽഷ നടത്തിയ അന്വേഷണങ്ങളിലൂടെ സാധിച്ചു. അസംസ്‌കൃത ഉൽപന്നങ്ങൾ നൽകാൻ കമ്പനികൾ തയ്യാറായി. അത്യാധുനിക രീതിയിലുള്ള യന്ത്രം നിർമ്മാണത്തിനായി കണ്ടെത്തി. യൂണിറ്റ് ആരംഭിക്കാൻ സമൂഹമാദ്ധ്യമങ്ങൾ വഴി ക്രൗഡ് ഫണ്ടിംഗ് കാമ്പയിൻ തുടങ്ങി. ആറ് ലക്ഷം രൂപയായിരുന്നു വേണ്ടിയിരുന്നത്. പണം കണ്ടെത്തിയതോടെ യൂണിറ്റിന്റെ പ്രവർത്തനം അതിവേഗം ആരംഭിച്ചു. ഒരോ മാസവും 700 പേർക്കുള്ള നാപ്കിനുകൾ ഇവിടെ ഉൽപാദിപ്പിക്കുന്നു. ഇത് ആറ് മാസത്തിനകം 3,000 പേർക്കാക്കാനാണ് ശ്രമം. നേരത്തെയുണ്ടായിരുന്ന ഉൽപാദന ചിലവ് മൂന്നിലൊന്നായി കുറക്കാൻ പുതിയ സംരംഭത്തിലൂടെ സാധിച്ചു. രണ്ടര രൂപക്കാണ് നാപ്കിൻ ഗ്രാമങ്ങളിൽ വിതരണം ചെയ്യുന്നത്. നാല് രൂപയാണ് ഉൽപാദന ചിലവ്. ശേഷിക്കുന്ന തുക നഗരങ്ങളിലെ ആശുപത്രികൾക്ക് നൽകി ഈടാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ജയ്പൂരിലെ ഒരു ആശുപത്രി സന്നദ്ധമായി രംഗത്തുവന്നിട്ടുണ്ട്.നാപ്കിൻ ഉൽപാദനത്തിന് സക്കാർ സഹായം ലഭ്യമാക്കാൻ അജ്മീർ കളക്ടർ മുഖേന ശ്രമങ്ങൾ ആരംഭിച്ചതായി ദിൽഷ പറഞ്ഞു. അജ്മീർ ജില്ലയിലെ 45 വില്ലേജുകളിലേക്കാണ് നാപ്കിനുകൾ വിതരണം ചെയ്യുന്നത്.പ്രസവാനന്തര ശുശ്രൂഷ നടത്തുന്ന ദാൽമമാർ മുഖേനയാണ് നാപ്കിനുകളുടെ വിതരണം. ഇവർക്കിതിന് കമ്മീഷനുണ്ട്. ബെയർ ഹൂട്ട് കേളേജിൽ ജോലിയിൽ പ്രവേശിച്ച ദിൽഷ രാജസ്ഥാനിലെ ഗ്രാമങ്ങളിൽ ശുചീകരണ സ്വയംപര്യാപ്തതക്കുള്ള ശ്രമങ്ങൾ തുടരണമെന്നാണ് തീരുമാനിച്ചിരിക്കുന്നത്. തിരുന്നാവായ വൈരങ്കോട് സ്വദേശി ജുബൈറിന്റെയും പൊന്നാനി സ്വദേശി ഹസീനയുടേയും മകളാണ് ദിൽഷ.