kk
.

മലപ്പുറം: തെരുവുനായകളുടെ ശല്യം ജില്ലയിൽ അനുദിനം വർദ്ധിക്കുമ്പോഴും എ.ബി.സി (ആനിമൽ ബർത്ത് കൺട്രോൾ) പദ്ധതിയിൽ രണ്ടുവർഷത്തിനിടെ വന്ധ്യംകരിച്ചത് 2,112 നായകളെ മാത്രം. 2012ലെ സെൻസസ് പ്രകാരം ജില്ലയിൽ 12,000 തെരുവുനായകളുണ്ട്. നിലവിലെ കണക്കുകൾ ലഭ്യമല്ല.

പൊന്നാനി, മഞ്ചേരി, തേഞ്ഞിപ്പലം, പരപ്പനങ്ങാടി, തിരൂർ, അരീക്കോട് എന്നിവിടങ്ങളിലാണ് ഇതുവരെ വന്ധ്യംകരണം നടന്നത്. അടുത്തമാസം ചുങ്കത്തറ കേന്ദ്രീകരിച്ച് വന്ധ്യംകരണ പ്രവൃത്തി തുടരാനാണ് ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ തീരുമാനം. മുംബൈ ആസ്ഥാനമായ ഹ്യുമൈൻ സൊസൈറ്റി ഇന്റർനാഷണലാണ് കരാറടിസ്ഥാനത്തിൽ തെരുവുനായകളെ പിടികൂടി വന്ധ്യംകരിക്കുന്നത്.

തെരുവുനായയെ പിടികൂടി വന്ധ്യംകരിച്ച് മൂന്ന് ദിവസം പാർപ്പിക്കുന്നതിന് 1,800 രൂപ നൽകും. നേരത്തെയിത് 1,300 രൂപയായിരുന്നു. മൊബൈൽ ഓപ്പറേഷൻ തിയേറ്റർ, ഡോക്ടർ, മരുന്ന്, നായപിടുത്തക്കാർ, നായയെ കൊണ്ടുപോകാനുളള വാഹനം എന്നിവ സൊസൈറ്റിയുടെ ഉത്തരവാദിത്വമാണ്. നായയെ പിടിച്ച സ്ഥലത്ത് തന്നെ കൊണ്ടുപോയി വിടണം. സംഘത്തിനുളള താമസസൗകര്യം ജില്ലാ മൃഗസംരക്ഷണ വകുപ്പൊരുക്കണം. ഒരു ഡോക്ടറും ഏഴ് നായപിടുത്തക്കാരുമാണ് സംഘത്തിലുള്ളത്. മേയിൽ ഹ്യുമൈൻ സൊസൈറ്റി ഇന്റർനാഷണലുമായുള്ള കരാർ ഒരുവർഷത്തേക്ക് കൂടി പുതുക്കിയിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് 10 ലക്ഷം, ഗ്രാമപഞ്ചായത്ത് ഒരുലക്ഷം, മുനിസിപ്പാലിറ്റി രണ്ട് മുതൽ അഞ്ച് ലക്ഷം രൂപ എന്നിങ്ങനെയാണ് പദ്ധതിക്കായി നൽകിയത്.

എവിടെയും സൗകര്യമില്ല

ജില്ലയിലെ സർക്കാർ‌ മൃഗാശുപത്രികളിലൊന്നും വന്ധ്യംകരണത്തിനുള്ള ഓപ്പറേഷൻ തിയേറ്റർ അടക്കമുള്ള സൗകര്യമില്ല. വന്ധ്യംകരണത്തിനായി പിടികൂടുന്ന നായകളെ മുറിവ് ഉണങ്ങുന്നത് വരെ സംരക്ഷിക്കേണ്ടതുണ്ട്. മിക്കയിടങ്ങളിലും താത്ക്കാലിക സൗകര്യങ്ങളൊരുക്കിയാണ് വന്ധ്യംകരണം നടത്തുന്നത്.


കെണിവച്ച് കുരുക്കും
എലിക്കെണിയുടെ മാതൃകയിൽ വലിയ കെണിയുണ്ടാക്കിയാണ് നായകളെ പിടികൂടുന്നത്. കെണിയിൽ വേവിച്ച ചിക്കൻ തൂക്കിയിടും. ഇതു തിന്നാൻ നായയെത്തുമ്പോൾ കെണിയടയും. നിലവിൽ ഒരുസംഘം മാത്രമേ ജില്ലയിലുള്ളൂ എന്നത് വന്ധ്യംകരണ പ്രവൃത്തികളുടെ വേഗം കുറയ്ക്കുന്നുണ്ട്. കൂടുതൽ സംഘത്തെ നിയോഗിക്കണമെന്ന ആവശ്യം ജില്ലാ മൃഗസംരക്ഷണ വകുപ്പ് സൊസൈറ്റി അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അനുകൂല തീരുമാനമുണ്ടായിട്ടില്ല. മറ്റ് ജില്ലകളിൽ കുടുംബശ്രീയുടെ നേതൃത്വത്തിലാണ് നായപിടുത്തം. കുടുംബശ്രീയേക്കാൾ കുറഞ്ഞ തുകയേ സൊസൈറ്റി ആവശ്യപ്പെടുന്നുള്ളൂ എന്നതിനാലാണ് ജില്ലയിൽ ഇവർക്ക് കരാർ നൽകിയത്. വന്ധ്യംകരിച്ച നായകളെ തിരിച്ചറിയാനായി ചെവിയിൽ അടയാളവും രേഖപ്പെടുത്തുന്നുണ്ട്.

'ജില്ലയിൽ എ.ബി.സി പദ്ധതി മികച്ച രീതിയിൽ മുന്നോട്ടുപോവുന്നുണ്ട്. ഹ്യുമൈൻ സൊസൈറ്റി ഇന്റർനാഷണലുമായി വീണ്ടും കരാർ പുതുക്കിയിട്ടുണ്ട്. ഡിസംബറിൽ ചുങ്കത്തറയിൽ വന്ധ്യംകരണ പ്രവൃത്തി തുടങ്ങും.

ഡോ. സുബൈർ

എ.ബി.സി പ്രൊജക്ട് ഓഫീസർ,

ഡെപ്യൂട്ടി ഡയറക്ടർ മൃഗസംരക്ഷണ വകുപ്പ്