നിലമ്പൂർ: ഊട്ടിയിൽ നിന്നും കാറിൽ മടങ്ങുകയായിരുന്ന അഞ്ചംഗ കുടുംബം സഞ്ചരിച്ച കാർ നാടുകാണി ചുരത്തിൽ കൊക്കയിലേക്ക് മറിഞ്ഞു. ഞായറാഴ്ച രാത്രി എട്ടരയോടെ പോത്തുംകുഴി ചോലയ്ക്ക് സമീപം വച്ചാണ് അപകടം. വളവിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു.മൂന്ന് സ്ത്രീകളും ഒരു കുട്ടിയുമാണ് കാറിലുണ്ടായിരുന്നത്. കാർ ഓടിച്ചിരുന്ന ബന്ധുവായ ഷമീറിനാണ്(26) പരിക്കേറ്റത്. മലപ്പുറം സ്വദേശികളാണിവർ . തൊട്ടുപിന്നിൽ മറ്റൊരു കാറിലുണ്ടായിരുന്ന വഴിക്കടവ് പി.എച്ച്.സി ജീവനക്കാരൻ ഷംസുദ്ദീൻ, അനീഷ്, അബ്ദുൾ ഗഫൂർ, കരീം എന്നിവർ ചേർന്നാണ് ഇവരെ കൊക്കയിലിറങ്ങി രക്ഷപ്പെടുത്തി വഴിക്കടവ് സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിവരം അറിഞ്ഞ് വഴിക്കടവ് പൊലീസും സ്ഥലത്തെത്തി. മലപ്പുറത്ത് നിന്ന് ബന്ധുകളെത്തി പിന്നീട് ഇവരെ നാട്ടിലേക്ക് കൊണ്ടുപോയി.