നിലമ്പൂർ: അകമ്പാടം-എരഞ്ഞിമങ്ങാട് റോഡിന് കുറുകെ കൂറ്റൻമരം വീണ് ഗതാഗതം മുടങ്ങി. വൈദ്യതലൈനിൽ വീണ മരം മുറിച്ച് നീക്കവേ ആറ് വൈദ്യുതതൂണുകൾ കൂടി ഒടിഞ്ഞ് വീണു. ഇതിനിടെ ഒരാൾക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ ഒമ്പതോടെയാണ് മണ്ണുപ്പാടത്ത് റോഡിന് കുറുകെ മരം വീണത്.
വനഭൂമിയിൽ നിന്നുള്ള മരമാണ് വീണത്. കെ.എസ്.ഇ.ബി അധികൃതരും അഗ്നിശമന സേനയുമെത്തി മരം മുറിക്കുന്നതിനിടെയാണ് ഭാരം താങ്ങാനാവാതെ വൈദ്യുത തൂണുകൾ ഒടിഞ്ഞ് വീണത്.
ബൈക്കിൽ പോവുകയായിരുന്ന മയിലാടി പുരയ്ക്കൽ ജോസഫിന്റെ ശരീരത്തിൽ വൈദ്യുതതൂണുകൾ തട്ടി പരിക്കേറ്റു.
അപകട ഭീഷണിയുയർത്തി വേറെയും മരങ്ങൾ പ്രദേശത്ത് ചാഞ്ഞ് നിൽക്കുന്നുണ്ട്. അപകടത്തെ തുടർന്ന് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.