കെ.വി. നദീർ
പൊന്നാനി: മുടങ്ങിക്കിടക്കുന്ന പൊന്നാനി അഴിമുഖത്തെ ജങ്കാർ സർവ്വീസ് പുനരാരംഭിക്കണമെങ്കിൽ കൊച്ചിൻ സർവീസസ് കനിയണം. ജങ്കാർ സർവ്വീസ് നടത്താൻ താൽപ്പര്യമുള്ളവരെ ക്ഷണിച്ച് നഗരസഭ ടെൻഡർ പ്രസിദ്ധീകരിച്ചിരുന്നെങ്കിലും ആരും എത്തിയില്ല. തുടർന്ന് റീ ടെൻഡർ ക്ഷണിച്ചിരിക്കുകയാണ്. കൊച്ചിൻ സർവീസസിനോട് ടെൻഡർ നൽകാൻ നഗരസഭ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് അംഗീകരിക്കാൻ അവർ തയ്യാറായാലേ അഴിമുഖത്ത് ജങ്കാർ ഓടൂ.
നേരത്തെ നഗരസഭ ഭരണസമിതി ഇതുമായി ബന്ധപ്പെട്ട് കൊച്ചിൻ സർവ്വീസസുമായി രണ്ടു തവണയായി ചർച്ച നടത്തിയിരുന്നു.ജങ്കാർ സർവീസ് പുനരാരംഭിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങളും വ്യവസ്ഥയും കൊച്ചിൻ സർവ്വീസസ് പൊന്നാനി നഗരസഭയ്ക്കു മുന്നിൽ വച്ചിരുന്നു.നിലവിലെ ജങ്കാർ ജെട്ടി പുതിയ ഫിഷിംഗ് ഹാർബറിനോട് ചേർന്ന ഭാഗത്തേക്ക് മാറ്റുന്നതുൾപ്പടെയുള്ള നിർദ്ദേശങ്ങളാണ് കൊച്ചിൻ സർവ്വീസസ് മുന്നോട്ടുവച്ചിരുന്നത്. ഉദാരമായ വ്യവസ്ഥകളോടെ ജങ്കാർ നടത്തിപ്പിന് അനുമതി നൽകാൻ സന്നദ്ധമാണെന്ന് നഗരസഭ കൊച്ചിൻ സർവീസസിനെ അറിയിച്ചിട്ടുണ്ട്. നൂറുകണക്കിന് യാത്രക്കാർക്കും വാഹനങ്ങൾക്കും സഹായകമായ അഴിമുഖത്തെ ഫെറി സർവ്വീസ് നിലച്ചതോടെ കടുത്ത യാത്രാ ക്ലേശമാണ് പടിഞ്ഞാറെക്കര മേഖലയിലുള്ളവർക്ക് നേരിടേണ്ടി വന്നത്.
യാത്രക്കാരുടെ പ്രതിഷേധത്തെ തുടർന്ന് പാസഞ്ചർ ബോട്ട് സർവ്വീസ് ആരംഭിച്ചെങ്കിലും യാതൊരു ഗുണവും ലഭിച്ചില്ല. പൂർണ്ണമായും സുരക്ഷിതത്വമുള്ള ജങ്കാർ സർവ്വീസ് അഴിമുഖത്ത് ആരംഭിക്കണമെന്ന നിരന്തര ആവശ്യം ഉയർന്നതോടെയാണ് പൊന്നാനി നഗരസഭാ'അധികൃതർ കൊച്ചിൻ സർവ്വീസസുമായി ചർച്ചയ്ക്ക് തയ്യാറായത്. നഗരസഭയ്ക്ക് കാര്യമായ വരുമാനമില്ലെങ്കിലും നഷ്ടം സഹിക്കേണ്ടിവരാത്ത രീതിയിൽ സർവ്വീസ് നടത്താൻ സന്നദ്ധതയുള്ള ജങ്കാർ നടത്തിപ്പുകാരെയാണ് നഗരസഭ കാത്തിരിക്കുന്നത്.ചമ്രവട്ടം പാലം തുറന്നതോടെ ജങ്കാർ വഴിയുള്ള വാഹനങ്ങളുടെ യാത്രയിൽ ഗണ്യമായ കുറവുണ്ടായതാണ് സർവ്വീസ് വരുമാന നഷ്ടത്തിലേക്കെത്താൻ ഇടയാക്കിയത്. പടിഞ്ഞാറെക്കര ബീച്ച് ടൂറിസത്തിന്റെ ഭാഗമായി നിലവിൽ ബോട്ട് സർവീസ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ നേരിട്ട് നടത്തുന്നുണ്ട്.
യാത്രക്കാരുമായി പോവുകയായിരുന്ന ചങ്ങാടം നിയന്ത്രണം വിട്ട് കടലിലേക്ക് ഒലിച്ചുപോയതിനെ തുടർന്നാണ് പൊന്നാനി അഴിമുഖം പടിഞ്ഞാറെക്കര ഫെറി സർവ്വീസ് അനിശ്ചിതത്വത്തിലായത്.
അനുമതിയില്ലാതെ സർവീസ് നടത്തിയ ചങ്ങാടം നിറുത്തിയെങ്കിലും പകരം ജങ്കാർ സർവ്വീസ് ആരംഭിക്കാൻ കഴിഞ്ഞ ഭരണസമിതിക്കായില്ല.
നേരത്തെ ഇൻലാന്റ് നാവിഗേഷൻ കോർപ്പറേഷന്റെയും കൊച്ചിൻ സർവ്വീസസിന്റെയും ജങ്കാർ അഴിമുഖത്ത് സർവ്വീസ് നടത്തിയിരുന്നു.
വരുമാന നഷ്ടത്തെ തുടർന്ന് ഇവ നിർത്തലാക്കിയതോടെയാണ് ചങ്ങാടം സർവ്വീസ് ആരംഭിച്ചത്.