തിരൂരങ്ങാടി: കുണ്ടൂർ അബ്ദുൾ ഖാദിർ മുസ്ലിയാരുടെ പതിമൂന്നാം ഉറൂസ് മുബാറക് നവംബർ 8,9,10,11 തീയതികളിൽ കുണ്ടൂർ ഗൗസിയ കാമ്പസിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കുണ്ടൂർ ഉസ്താദ് ഉറൂസിനോടനുബന്ധിച്ച് പതാക ഉയർത്തൽ, മതപ്രഭാഷണ പരമ്പര, കൊടി ഉയർത്തൽ, ബുർദ വാർഷികം, ആത്മീയ സമ്മേളനം, അന്നദാനം, ആദർശസംഗമം, ഹുബ്ബുറസൂൽ സമ്മേളനം എന്നിവ നടക്കും. ഒരുലക്ഷം പേർക്ക് അന്നദാനം നടത്തും.
വ്യാഴാഴ്ച വൈകിട്ട് നാലിന് സമസ്ത പ്രസിഡന്റ് ഇ.സുലൈമാൻ മുസ്ലിയാർ പതാക ഉയർത്തും. തുടർന്ന് സമൂഹ സിയാറത്തും ബുഖാരി ദർസും. 6:30ന് പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് ബുർദ വാർഷികം. വെള്ളിയാഴ്ച 1:30ന് മകൻകുഞ്ഞുവിന്റെ മഖ്ബറ സിയാറത്തും രണ്ടുമണിക്ക് മൗലിദ് സദസും. 4:30ന് 'കുണ്ടൂർ ഉസ്താദിന്റെ സ്നേഹലോകം' സെഷൻ സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി ഉദ്ഘാടനം ചെയ്യും.
6:30ന് ആത്മീയസമ്മേളനത്തിൽ എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ് പേരോട് അബ്ദുറഹ്മാൻ സഖാഫി മുഖ്യപ്രഭാഷണം നടത്തും. ശനിയാഴ്ച രാവിലെ പത്തിന് 'തിരുനബി പഠന' സെഷൻ ഹംസ മുസ്ലിയാർ മഞ്ഞപ്പറ്റ ഉദ്ഘാടനം ചെയ്യും. 6:30ന് 'അഹലുസ്സുന്ന' സംഗമം കാന്തപുരം എ.പി. മുഹമ്മദ് മുസ്ലിയാർ ഉദ്ഘാടനം ചെയ്യും.
ഞായറാഴ്ച രാവിലെ 10ന് പഠന സെഷൻ. 2:30ന് നടക്കുന്ന 'അന്വേഷണം' സെഷന് അബ്ദുറഷീദ് സഖാഫി ഏലംകുളം നേതൃത്വം നൽകും. സമാപന സംഗമം സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി ഉദ്ഘാടനം ചെയ്യും. കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ ഹുബ്ബുറസൂൽ പ്രഭാഷണവും ഖുർആൻ മനഃപ്പാഠമാക്കിയവർക്കുള്ള സനദ് ദാനവും നടത്തും. മന്ത്രി കെ.ടി. ജലീൽ മുഖ്യാതിഥിയാവും.
പത്രസമ്മേളനത്തിൽ അബ്ദുറസാഖ് സഖാഫി വെള്ളിയാമ്പുറം, അബൂ ഹനീഫൽ ഫൈസി തെന്നല, ബാവ ഹാജി കുണ്ടൂർ, ലത്തീഫ് ഹാജി കുണ്ടൂർ, കുഞ്ഞുട്ടി എ.ആർ നഗർ, എൻ .പി. സുബൈർ എന്നിവർ സംബന്ധിച്ചു.