മലപ്പുറം: അടിക്കടിയുണ്ടാകുന്ന പാചക വാതക വില വർദ്ധനവിൽ പിടിച്ചുനിൽക്കാനാകാതെ ചെറുകിട ഹോട്ടലുകൾ. കഴിഞ്ഞ ആറു മാസത്തിനിടെ പാചക വാതക വിലയിൽ വലിയ വർദ്ധനവുണ്ടായി. ഇതിന് പുറമേ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും കൂടിയാകുമ്പോൾ ഹോട്ടൽ വ്യാപാരം നഷ്ടം കൂടാതെ നടത്തിക്കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമാണെന്ന് ഉടമകൾ പറയുന്നു.
നിലവിൽ 19 കിലോയുടെ ഡൊമസ്റ്റിക് ഗ്യാസ് സിലിണ്ടറിന് 1480 രൂപ നൽകണം. ഒരു മാസം ചെറുകിട ഹോട്ടലുകാർക്ക് മൂന്നോ നാലോ സിലിണ്ടറുകൾ ആവശ്യമാണ്.
അനുദിനം പെട്രോളിയം വില വർദ്ധിക്കുന്നതിന് അനുസരിച്ച് ചരക്ക് നീക്കം, കയറ്റിറക്ക് കൂലി എന്നിവയും വർദ്ധിക്കും. ഇത് നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവിനും കാരണമാകുന്നു.എത്ര വില വർദ്ധിച്ചാലും വിഭവങ്ങൾക്ക് വില കൂട്ടാൻ സാധിക്കാത്ത അവസ്ഥയാണ്. വില കൂട്ടിയാൽ കച്ചവടം കുറയുമെന്നതിനാൽ നഷ്ടം സഹിച്ചാണ് പലരും ഈ മേഖലയിൽ തുടർന്ന് പ്രവർത്തിക്കുന്നത്.