തിരൂർ: ഓട്ടോഡ്രൈവറായിരുന്ന പറവണ്ണ പുത്തനങ്ങാടി സ്വദേശി കളരിക്കൽ കുഞ്ഞിമോൻ മകൻ മുഹമ്മദ് യാസീനെ(39) കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ പോയ പ്രതി പറവണ്ണ പള്ളാത്ത് നൗഷാദിനെ (45) പൊലീസ് കൊലപാതകം നടന്ന പറവണ്ണയിലെത്തിച്ച് തെളിവെടുത്തു. . കൃത്യം നടത്തിയ ശേഷം യു.എ.ഇയിലെ റാസൽഖൈമയിലേക്ക് കടന്ന നൗഷാദ് തിരിച്ചെത്തി മുംബൈയിലും മംഗലാപുരത്തും ഒളിവിൽ കഴിയുകയായിരുന്നെന്ന് തിരൂർ എസ്.ഐ സുമേഷ് സുധാകരൻ പറഞ്ഞു. കഴിഞ്ഞ മാസം 16 ന് വൈകിട്ട് ഏഴരയോടെയാണ് മദ്യലഹരിയിലെത്തിയ കേസിലെ മറ്റൊരു പ്രതി ആദം ട്രിപ്പ് പോകാൻ വിസമ്മതിച്ചതിനെ ചൊല്ലി യാസീനുമായി വാക്കുതർക്കത്തിലേർപ്പെട്ടത്. സ്ഥലത്തെത്തിയ നൗഷാദ് ആദമിനൊപ്പം ചേർന്ന് യാസീനെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു. സംഭവശേഷം മംഗലാപുരത്തേക്ക് കടന്ന നൗഷാദ് തുടർന്ന് മുംബൈയിലെത്തി. ഇവിടെ നിന്നും അബൂദാബിയിലേക്കും പി ന്നീട് റാസൽഖൈമയിലേക്കും കടന്നു. പ്രതി രാജ്യം വിട്ടെന്ന വിവരം അറിഞ്ഞ പൊലീസ് യു.എ.ഇയിലെ പ്രവാസികളുടെ സഹായത്തോടെ ഇയാളെ തിരിച്ചയപ്പിച്ചു. മുംബൈയിൽ തിരിച്ചെത്തിയ നൗഷാദ് നാല് ദിവസം ഇവിടെയും ബാക്കി ദിവസങ്ങൾ മംഗലാപുരത്തും ഒളിവിൽ കഴിഞ്ഞു. മംഗലാപുരത്ത് നിന്ന് ട്രെയിനിൽ തിങ്കളാഴ്ച പുലർച്ചെയെത്തിയ പ്രതിയെ പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ വച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നെന്ന് എസ്.ഐ പറഞ്ഞു. വാക്കു തർക്കമാണ് കൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് നൗഷാദിന്റെ മൊഴി. നൗഷാദ് മംഗലാപുരത്തേക്ക് പോയ വാഹനം പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വാങ്ങുമെന്ന് എസ്.ഐ പറഞ്ഞു. അതേസമയം തെളിവെടുപ്പിനെത്തിച്ച പ്രതിയെ വിലങ്ങു പോലും വയ്ക്കാതെ എത്തിച്ചത് പ്രതിഷേധത്തിന് ഇടയാക്കി. പൊലീസ് സ്റ്റേഷനിലും പ്രതിക്ക് മികച്ച പരിഗണന ലഭിച്ചതായി ആക്ഷേപം ഉയർന്നു. കോടതിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.