മലപ്പുറം: ബന്ധു നിയമന വിവാദത്തിൽ മന്ത്രി കെ.ടി. ജലീലിന്റെ രാജി ആവശ്യം ശക്തമാക്കി മുസ്‌ലിം ലീഗ്. മന്ത്രി രാജിവയ്ക്കും വരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സത്യപ്രതിജ്ഞാ ലംഘനത്തിന് ജലീലിനെ പുറത്താക്കാൻ ഗവർണറെ സമീപിക്കുമെന്നും ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മൈനോറിറ്റി ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷനിൽ നിന്ന് ലീഗുകാരെടുത്ത വായ്പ തിരിച്ചുപിടിക്കാൻ നടപടിയെടുത്തതാണ് വിവാദത്തിന് വഴിവച്ചതെന്ന ജലീലിന്റെ ആരോപണത്തെ നിയമപരമായി നേരിടും. മന്ത്രി ഇ.പി ജയരാജന്റെ ആശ്രിത നിയമനത്തിലെ തുടർനടപടി ചൂണ്ടിക്കാട്ടി ജലീലിന്റെ രാജിയിൽ മുഖ്യമന്ത്രിയെ സമ്മർദ്ദത്തിലാക്കും. പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉന്നത നിയമനങ്ങളിൽ മന്ത്രിസഭയെടുത്ത തീരുമാനം അട്ടിമറിച്ച മന്ത്രിയെ സംരക്ഷിക്കാൻ മുഖ്യമന്ത്രിക്കാവില്ല. ഇക്കാര്യത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് മജീദ് ആവശ്യപ്പെട്ടു.