മഞ്ചേരി: പൂക്കോട്ടൂർ മൈലാടിയിൽ ക്വാറി തൊഴിലാളിയെ കൊലപ്പെടുത്തി ഒളിവിൽ പോയ പ്രതിയെ 27 വർഷങ്ങൾക്കു ശേഷം പൊലീസ് പിടികൂടി. തൊടുപുഴ സ്വദേശി പിണക്കാട്ട് സെബാസ്റ്റ്യൻ എന്ന കുട്ടിയച്ചനെയാണ് (81) മംഗലാപുരത്തു നിന്നും മഞ്ചേരി പൊലീസ് അറസ്റ്റു ചെയ്തത്. മണ്ണാർക്കാട് സ്വദേശി പാറക്കൽ മുരളിയെ കുത്തി കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ പ്രതിയെ രണ്ടു പതിറ്റാണ്ടിലേറെയായി പൊലീസിനു കണ്ടെത്താനായിരുന്നില്ല. മംഗലാപുരത്ത് മറ്റൊരു കേസിൽ പിടിയിലായതോടെയാണ് അന്വേഷണ സംഘത്തിനു കുട്ടിയച്ചനെക്കുറിച്ച് വിവരം ലഭിച്ചത്.
1991ൽ പൂക്കോട്ടൂർ മൈലാടിയിലെ ക്വാറിക്കു സമീപമുള്ള ചായക്കടയ്ക്കു മുന്നിലാണ് കേസിനാസ്പദമായ സംഭവം. കൊല്ലപ്പെട്ട മുരളി വഴിയാണ് കുട്ടിയച്ചൻ ക്വാറിയിൽ ജോലിക്കാരനായി എത്തുന്നത്. സംഭവദിവസം ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടിനെ ചൊല്ലി വഴക്കുണ്ടാവുകയും പാറ പൊട്ടിക്കാൻ ഉപയോഗിക്കുന്ന ഉളി മുരളിയുടെ നെഞ്ചിൽ കുത്തി കൊലപ്പെടുത്തിയെന്നുമാണ് പൊലീസ് കേസ്. സംഭവം നടക്കുമ്പോൾ കൊല്ലപ്പെട്ട മുരളിക്ക് 28ഉം പ്രതിക്ക് 54ഉം വയസുണ്ടായിരുന്നുസി.ഐ എൻ.ബി. ഷൈജു, എസ്ഐ ജലീൽ കറുത്തേടത്ത്, പി. മുഹമ്മദ് സലീം എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്
അടുത്തിടെ മദ്യപിച്ച് ബഹളമുണ്ടാക്കിയതിന്റെ പേരിൽ താമസിച്ചിരുന്ന മുറി ഒഴിയാൻ കെട്ടിട ഉടമ ആവശ്യപ്പെട്ടതോടെ ബോംബെറിഞ്ഞു സംഘർഷാവസ്ഥ സൃഷ്ടിച്ച കേസിൽ കർണാടക പൊലിസ് കുട്ടിയച്ചനെ പിടികൂടിയതാണ് പഴയ കൊലപാതക കേസിൽ വഴിത്തിരിവായത്.
പൂക്കോട്ടൂരിലെ കൊലയ്ക്ക് ശേഷം സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ട പ്രതി അറവങ്കരയിലെത്തി അവിടെ നിന്ന് കോഴിക്കോട്ടേക്കും പിന്നീട് മംഗലാപുരത്തേക്കും പോവുകയായിരുന്നു
കർണ്ണാടകയിൽ വിവിധയിടങ്ങളിലായി സെബാസ്റ്റ്യൻ, കുട്ടിയച്ചൻ, കുട്ടപ്പൻ, ബാബു, മുഹമ്മദ്, ബാലു തുടങ്ങിയ പേരുകളിൽ ജോലിചെയ്തു വരികയായിരുന്ന പ്രതിയിലേക്ക് പൊലീസിന്റെ അന്വേഷണം എത്തിയില്ല.
കുടുംബവുമായി അകന്നു കഴിയുന്ന ഇയാളെ കുറിച്ച് വീട്ടുകാർക്കും വിവരമുണ്ടായിരുന്നില്ല.