മലപ്പുറം: ജില്ലയിൽ റേഷൻ വിതരണം കാര്യക്ഷമമാക്കാൻ വിജിലൻസ് സമിതികൾ രൂപവത്കരിച്ചു. ജില്ലാ, താലൂക്ക്, റേഷൻകട തുടങ്ങിയ മൂന്ന് സമിതികളാണ് രൂപവത്കരിക്കുന്നത്. സംസ്ഥാന ഭക്ഷ്യ സുരക്ഷാ നിയമമനുസരിച്ചാവും സമിതി പ്രവർത്തിക്കുക. ജില്ലാതല സമിതിയുടെ ചെയർമാൻ ജില്ലാ കളക്ടറും കൺവീനർ സപ്ലൈ ഓഫീസറുമായിരിക്കും. ജില്ലയിലെ എം.പി, എം.എൽ.എമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ഡി.ഡി.ഇ, ജില്ലാതല പരാതി പരിഹാര ഓഫീസർ, എഫ്.സി.ഐ മാനേജർ, പൊലീസ്, അളവ്തൂക്ക, മോട്ടോർ വാഹന വകുപ്പിൽ നിന്നുള്ള ഓഫീസർമാർ, താലൂക്ക് സപ്ലൈ ഓഫീസർമാർ, ആർ.ഡി.ഒമാർ, സിവിൽ സപ്ലൈസ് കോർപ്പറേഷൻ അസിസ്റ്റന്റ് മാനേജർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, തദ്ദേശ സ്ഥാപനങ്ങളിലെ ഒരംഗം, മൂന്ന് പൊതുപ്രവർത്തകർ എന്നിവർ അടങ്ങുന്നതാണ് സമിതി.
താലൂക്ക്തല സമിതിയുടെ ചെയർമാനായി ആർ.ഡി.ഒയും റേഷൻകട സമിതിയുടെ ചെയർമാനായി തദ്ദേശസ്ഥാപനങ്ങളിലെ അദ്ധ്യക്ഷൻമാരും പ്രവർത്തിക്കും. സംസ്ഥാന ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ കീഴിലാവും ഇവയുടെ പ്രവർത്തനം. റേഷൻ സാധനങ്ങളുടെ വിതരണം കാര്യക്ഷമമാക്കുന്നതിലും പരാതികൾ സംബന്ധിച്ച് പരിശോധന നടത്തുന്നതിലും സമിതിയുടെ ഇടപെടലുണ്ടാവും. മൂന്ന് മാസത്തിലൊരിക്കൽ യോഗം ചേർന്ന് റേഷൻ വിതരണം സംബന്ധിച്ച് സമിതി വിലയിരുത്തും.
സമിതി രൂപീകരണം സംബന്ധിച്ച് എ.ഡി.എം വി. രാമചന്ദ്രന്റെ അദ്ധ്യക്ഷതയിൽ ഭക്ഷ്യസുരക്ഷാ സമിതിയുടെ യോഗം ചേർന്നു. ആർ.ഡി.ഒ വി. മെഹറലി, ഡെപ്യൂട്ടി കളക്ടർ സി. അബ്ദുൽ റഷീദ്, ജില്ലാ സപ്ലൈ ഓഫീസർ സി. രാധാകൃഷ്ണൻ, സമിതി അംഗങ്ങൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.