മലപ്പുറം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി നിർവഹണത്തിൽ ജില്ല ഏറെ പിന്നിൽ. ഇതുവരെ 35.63 ശതമാനത്തിന്റെ പ്രവൃത്തികളാണ് നടന്നത്. സാമ്പത്തികവർഷം അവസാനിക്കാൻ അഞ്ച് മാസം ശേഷിക്കേ 413.76 കോടി വിനിയോഗിക്കേണ്ടതുണ്ട്. ജില്ലയിൽ 642.81 കോടി രൂപയുടെ പദ്ധതികൾ അംഗീകരിച്ചപ്പോൾ ഇതുവരെ 229.05 കോടിയുടെ പ്രവൃത്തികളാണ് പൂർത്തിയാക്കിയത്. ഇക്കാര്യത്തിൽ സംസ്ഥാനത്ത് പതിനൊന്നാം സ്ഥാനത്താണ് ജില്ല. പദ്ധതി നടത്തിപ്പിലെ ഉഴപ്പിന് പ്രളയത്തെ പഴിചാരുകയാണ് തദ്ദേശസ്ഥാപനാധികാരികൾ.
പദ്ധതി നിർവഹണത്തിലെ ഇഴച്ചിലിനെ തുടർന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്ന കെ.ടി. ജലീൽ ജില്ലാതല അവലോകന യോഗത്തിൽ ഉദ്യോഗസ്ഥരെ നിശിതമായി വിമർശിക്കുകയും പദ്ധതി നടത്തിപ്പ് വേഗത്തിലാക്കാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. നവംബർ, ഡിസംബർ മാസങ്ങളിൽ കൂടുതൽ ഫണ്ടുകൾ ചെലവഴിക്കുന്ന പ്രവണത ഇല്ലാതാക്കാൻ നേരത്തെ തന്നെ പദ്ധതി രൂപീകരണമടക്കം പൂർത്തിയാക്കാനായിരുന്നു സർക്കാർ നിർദ്ദേശം. എന്നാൽ ഇതൊന്നും നടപ്പായില്ല. എറണാകുളം, ആലപ്പുഴ, ഇടുക്കി ജില്ലകളാണ് മലപ്പുറത്തിന് പിറകിലുള്ളത്. കണ്ണൂർ, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകൾ പദ്ധതി നിർവഹണത്തിൽ ഏറെ മുന്നേറി.
കഴിഞ്ഞ വർഷം അനുവദിച്ച 581 കോടിയിൽ 487 കോടി രൂപ ചെലവിട്ട് 84 ശതമാനവുമായി ജില്ല അഞ്ചാംസ്ഥാനത്തായിരുന്നു. ട്രഷറി നിയന്ത്രണവും ചരക്ക് സേവന നികുതിയുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങളുമാണ് പദ്ധതി നിർവഹണത്തിൽ കാലതാമസമുണ്ടാക്കിയതെന്നാണ് ഉദ്യോഗസ്ഥരുടെ വാദം.
ജില്ലാ പഞ്ചായത്ത്
പദ്ധതി നിർവഹണത്തിൽ ജില്ലാ പഞ്ചായത്ത് സംസ്ഥാനത്ത് പത്താം സ്ഥാനത്താണ്. 37.78 ശതമാനം ഫണ്ടാണ് ഇതുവരെ ചെലവഴിച്ചത്. വയനാട്, തിരുവനന്തപുരം, ഇടുക്കി ജില്ലാ പഞ്ചായത്തുകളാണ് മുൻനിരയിൽ. കഴിഞ്ഞ വർഷം 70.61 ശതമാനവുമായി സംസ്ഥാനത്ത് ഏഴാം സ്ഥാനത്തായിരുന്നു. പദ്ധതി നിർവഹണത്തിൽ ജില്ലാ പഞ്ചായത്ത് വേണ്ടത്ര ജാഗ്രത പുലർത്തുന്നില്ലെന്ന ആക്ഷേപത്തെ ശരിവയ്ക്കുന്നതാണ് ഈ വർഷത്തെയും കണക്കുകൾ.
നഗരസഭ
കഴിഞ്ഞ തവണ 97 ശതമാനവുമായി ഏറ്റവും മുന്നിലായിരുന്ന താനൂർ നഗരസഭ ഇത്തവണ 25 ശതമാനവുമായി ഏറെ പിന്നിലാണ്. 45.79 ശതമാനവുമായി പെരിന്തൽമണ്ണയാണ് മുൻനിരയിൽ. 22 ശതമാനവുമായി നിലമ്പൂരാണ് പിന്നിൽ. വളാഞ്ചേരി, കൊണ്ടോട്ടി, പരപ്പനങ്ങാടി നഗരസഭകൾ 40 ശതമാനത്തിന് മുകളിൽ ചെലവഴിച്ചിട്ടുണ്ട്. മഞ്ചേരി, തിരൂരങ്ങാടി, കോട്ടയ്ക്കൽ നഗരസഭകളാണ് ഇക്കാര്യത്തിൽ പിന്നിലുള്ളത്.
ബ്ളോക്ക്
കഴിഞ്ഞ വർഷം നൂറ് ശതമാനവും ചെലവഴിച്ച് മുന്നിലെത്തിയ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ഈ വർഷവും സ്ഥാനം വിട്ടുകൊടുത്തിട്ടില്ല. പെരുമ്പടപ്പ് ബ്ലോക്ക് ഇതിനകം 59.69 ശതമാനം ഫണ്ട് ചെലവഴിച്ചു. താനൂർ 52.76 ശതമാനവുമായി തൊട്ടുപിന്നിലുണ്ട്. 29 ശതമാനവുമായി അരീക്കോട് ബ്ലോക്കാണ് ഏറ്റവും പിന്നിൽ. കഴിഞ്ഞ വർഷം വണ്ടൂർ ബ്ലോക്കാണ് 57 ശതമാനവുമായി സംസ്ഥാനത്ത് ഏറ്റവും പിറകിലായത്. കരുളായി, കുറ്റിപ്പുറം, നിലമ്പൂർ ബ്ലോക്കുകളിലും ഇതുവരെ 30 ശതമാനമാണ് ചിലവഴിച്ചത്.
പഞ്ചായത്ത്
60 ശതമാനവുമായി കൂട്ടിലങ്ങാടി പഞ്ചായത്താണ് ഇക്കാര്യത്തിൽ മുന്നിലുള്ളത്. നന്നമുക്ക്, വേങ്ങര പഞ്ചായത്തുകളും 50 ശതമാനം തുക ചെലവഴിച്ചിട്ടുണ്ട്. കുഴിമണ്ണ, വളവന്നൂർ, കൽപകഞ്ചേരി പഞ്ചായത്തുകൾ 25 ശതമാനം ഫണ്ട് പോലും ചെലവഴിച്ചിട്ടില്ല. എടവണ്ണ, പെരുമ്പടപ്പ്, തേഞ്ഞിപ്പലം, മൂന്നിയൂർ പഞ്ചായത്തുകളും ഏറെ പിന്നിലാണ്.