മലപ്പുറം: മുതിർന്ന പൗരൻമാരുടെ ക്ഷേമത്തിന് സാമൂഹിക നീതി വകുപ്പ് വിപുലമായ പദ്ധതികൾ തയ്യാറാക്കുന്നു. ആദ്യഘട്ടമെന്ന നിലയിൽ ജില്ലയിൽ തനിച്ച് താമസിക്കുന്ന മുതിർന്ന പൗരൻമാരുടെ വിവരങ്ങൾ ശേഖരിക്കും. അടിയന്തരമായി സഹായമാവശ്യമുള്ളവരെ കണ്ടെത്താനാണ് കണക്കെടുപ്പ്. മുതിർന്ന പൗരൻമാരുടെ ക്ഷേമവും സംരക്ഷണവും ഉറപ്പുവരുത്താനായി രൂപവത്കരിച്ച ജില്ലാതല കമ്മിറ്റിയുടെ യോഗത്തിലാണ് തീരുമാനം. മുതിർന്ന പൗരൻമാരുടെ സംരക്ഷണത്തിൽ യുവതലമുറയുടെ പങ്കിനെപ്പറ്റി വിശദീകരിക്കുന്നതിനായി സ്കൂൾ/കോളേജ് വിദ്യാർത്ഥികൾക്ക് ബോധവത്കരണ പരിപാടികൾ സംഘിപ്പിക്കും.യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനായി. മുതിർന്ന പൗരൻമാർക്കുള്ള ജില്ലാതല കമ്മിറ്റി അംഗങ്ങളായ വിജയലക്ഷ്മി, കെ. ബാലകൃഷ്ണൻ, കെ.സി. സത്യനാഥൻ, തൃക്കുളം കൃഷ്ണൻകുട്ടി, പി. ശിവരാമൻ, ഡെപ്യൂട്ടി ഡി.എ.ഒ ഡോ. അഹമ്മദ് ഹഫ്സൽ, ഡിവൈ.എസ്.പി പ്രഭാകരൻ, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് അബ്ദുൾ കലാം തുടങ്ങിയവർ പങ്കെടുത്തു.