മഞ്ചേരി: മഞ്ചേരിയിലെ പ്രമുഖ ഡോക്ടറെ ഭീഷണിപ്പെടുത്തി 10 ലക്ഷം തട്ടാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ . എടവണ്ണമൂലക്കോടൻ മുഹ്സിൻ(25) ആണ് അറസ്റ്റിലായത്.
പ്രതിയുടെ ബന്ധുവിനെ ആറുമാസം മുമ്പ് ഡോക്ടർ ചികിത്സിച്ചിരുന്നു. കൂട്ടിരിപ്പിനായി എത്തിയ പ്രതി ക്ലിനിക്കിൽ വച്ചുള്ള ഡോക്ടറുടെ വിവിധ ദൃശ്യങ്ങൾ കാമറയിൽ പകർത്തി എഡിറ്റ് ചെയ്ത് പ്രത്യേകമായി ഉണ്ടാക്കിയ വാട്സ് ആപ്പ് അക്കൗണ്ട് വഴി ഡോക്ടർക്ക് അയച്ചുകൊടുത്തു. ഇത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കാതിരിക്കാൻ പണം ആവശ്യപ്പെട്ടു.
ഡോക്ടർ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയതിനെ തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിയെ തിരിച്ചറിഞ്ഞു.
നെറ്റ് നമ്പറുകളും വിർച്വൽ നമ്പർ ഉപയോഗിച്ചുള്ള സോഷ്യൽ മീഡിയകളും ഉപയോഗിച്ചുളള കുറ്റകൃത്യങ്ങൾ കണ്ടെത്താൻ സൈബർ സെൽ വികസിപ്പിച്ചെടുത്ത പ്രത്യേക സംവിധാനത്തിന്റെ സഹായത്തോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
പ്രതിയെ കോടതിയിൽ ഹാജരാക്കി.