മലപ്പുറം: സർക്കാർ ഓഫീസുകളിൽ വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവരെ ആവശ്യത്തിനും അനാവശ്യത്തിനും ഓടിപ്പിക്കുന്ന പതിവ് ഇല്ലാതാക്കാനും സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കാനും ലക്ഷ്യമിട്ടുള്ള ഇ- ഓഫീസ് പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾ ജില്ലയിൽ ഇഴയുന്നു. നിലവിൽ കളക്ടറേറ്റിലും പെരിന്തൽമണ്ണ ആർ.ഡി ഓഫീസിലും മാത്രമാണ് ഇ-ഓഫീസ് പദ്ധതി പൂർണ്ണമായും നടപ്പാക്കിയത്. മാർച്ചിൽ തിരൂർ ആർ.ഡി ഓഫീസിൽ പദ്ധതി തുടങ്ങുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതുവരെ യാഥാർത്ഥ്യമായിട്ടില്ല. ഇലക്ട്രിക്കൽ പ്രവൃത്തിയാണിപ്പോൾ നടക്കുന്നത്. നിർമ്മാണ പ്രവൃത്തികൾ നിർമ്മിതി കേന്ദ്രത്തെയാണ് ഏൽപ്പിച്ചത്. ഇത് പൂർത്തിയാവാൻ ഇനിയും ഒരുമാസമെടുക്കും. ഇതിനുശേഷം നെറ്റ്‌വർക്കിംഗ് ജോലിയും പൂർത്തിയാക്കണം. തിരൂർ ആർ.ഡി ഓഫീസിലെ പ്രവൃത്തി പൂർത്തിയായ ശേഷം താലൂക്കുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കാനാണ് ജില്ലാ ഇ-ഓഫീസ് വിഭാഗത്തിന്റെ തീരുമാനം. പെരിന്തൽമണ്ണ, ഏറനാട് താലൂക്കുകളിൽ ഇ- ഓഫീസ് പദ്ധതി നടപ്പാക്കാൻ മാർച്ചിൽ ഫണ്ടടക്കം അനുവദിച്ചിട്ടുണ്ട്. ഇലക്ട്രിക്കൽ, നെറ്റ്‌വർക്കിംഗ് പ്രവൃത്തികൾ പൂർത്തിയാക്കാൻ പൊതുമരാമത്ത് വകുപ്പിനെ ഏൽപ്പിച്ചിട്ടുണ്ടെങ്കിലും ഇതുവരെ പ്രവൃത്തികൾ തുടങ്ങിയിട്ടില്ല. മറ്റ് താലൂക്കുകളിൽ പദ്ധതി നടപ്പാക്കാനുള്ള ഫണ്ടിനായി സംസ്ഥാന ഐ.ടി മിഷന് പ്രപ്പോസൽ സമർപ്പിച്ചിട്ടുണ്ട്. താലൂക്കുകളിൽ ഇ- ഓഫീസ് യാഥാർത്ഥ്യമാക്കിയ ശേഷം വില്ലേജ് ഓഫീസുകളെ കൂടി ഇ- ഓഫീസുകളാക്കുകയാണ് ലക്ഷ്യം. ഫയലുകൾ ഇലക്ടോണിക് രൂപത്തിലാക്കി സർക്കാർ വകുപ്പുകളുടെ പ്രവർത്തനം കൂടുതൽ വേഗത്തിലും കാര്യക്ഷമവുമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഈ വർഷം അവസാനത്തോടെ എല്ലാ താലൂക്കുകളിലും ഇ- ഓഫീസ് സംവിധാനം കൊണ്ടുവരാനായിരുന്നു ലക്ഷ്യമിട്ടത്. ഫയലിന്റെ നിജസ്ഥിതി അറിയാം അപേക്ഷകൾ പൊടിപിടിച്ചും പതുക്കെയും നീങ്ങുന്ന അവസ്ഥയാണിപ്പോൾ. ഇ-ഓഫീസ് പ്രാവർത്തികമാകുന്നതോടെ അപേക്ഷ ഉടൻ ഇലക്ട്രോണിക് ഫയലാക്കി ഇതിന്റെ റെസീപ്റ്റ് ലഭിക്കും. ഇതിലെ വിവരങ്ങൾ വച്ച് ഇ-ഓഫീസ് വെബ് സൈറ്റിൽ പരിശോധിച്ചാൽ ഫയലിന്റെ നിജസ്ഥിതിയും ഏത് ഉദ്യോഗസ്ഥന്റെ കൈവശമാണ് എന്നതടക്കമുള്ള വിവരങ്ങളും ലഭിക്കും. സർട്ടിഫിക്കറ്റുകൾക്കും മറ്റ് ആവശ്യങ്ങൾക്കുമായി ദിനംപ്രതി നൂറുകണക്കിന് പേർ കയറിയിറങ്ങുന്ന താലൂക്ക് ഓഫീസുകൾ ഫയലുകൾ തീർപ്പാക്കാൻ ഏറെ കാലതാമസമെടുക്കുന്നുണ്ട്. 'മുഴുവൻ താലൂക്കുകളിലും പദ്ധതി വൈകാതെ നടപ്പിലാക്കും. ഇതോടെ ഫയൽ കൈമാറ്റവും തീർപ്പാക്കലും വേഗത്തിലാക്കാനാവും. ' ഇസ്‌ഹാഖ് മണ്ണിശ്ശേരി, ഇ-ഓഫീസ് ജില്ലാ പ്രോഗ്രാം ഓഫീസർ