പൊന്നാനി: വയോജനങ്ങൾക്ക് ഒത്തുകൂടാൻ പൊന്നാനി കൊല്ലൻപടിയിൽ ജെറിയാട്രിക് പാർക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം. മഹാകവി ഇടശ്ശേരി, ഉറൂബ്, കടവനാട് കുട്ടികൃഷ്ണൻ എന്നിവരുടെ സ്മരണാർത്ഥമാണ് കൊല്ലൻപടി സ്ക്വയർ എന്ന പേരിൽ പൊന്നാനി നഗരസഭ ജെറിയാട്രിക് പാർക്ക് ഒരുക്കുന്നത്.18 ലക്ഷം രൂപയാണ് ചെലവ്. നിർമ്മിതി കേന്ദ്രയ്ക്കാണ് നിർമ്മാണ ചുമതല.
കൊല്ലൻപടി സെന്ററിൽ റോഡിനോടു ചേർന്ന സർക്കാർ ഭൂമിയിലാണ് പാർക്ക് നിർമ്മിക്കുന്നത്. വൈകുന്നേരങ്ങളിൽ വയോജനങ്ങൾക്ക് വന്നിരുന്ന് സംസാരിക്കുവാനുള്ള സൗകര്യമാണ് പ്രധാനമായും ഒരുക്കുക. ഇടശ്ശേരി, ഉറൂബ്,കടവനാട് കുട്ടികൃഷ്ണൻ എന്നിവരുടെ സ്തൂപങ്ങൾ സ്ഥാപിക്കും. നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട പദ്ധതിയാണിത്.
ചെറിയ തോതിലുള്ള സാംസ്ക്കാരിക പരിപാടികൾ സംഘടിപ്പിക്കാവുന്ന തരത്തിലാണ് പാർക്ക് നിർമ്മിക്കുക.