തിരൂരങ്ങാടി : ചെമ്മാട് ടൗണിൽ ഓടയിലേക്ക് മലിനജലം ഒഴുക്കിയ സ്ഥാപനങ്ങൾക്കെതിരെ നടപടി. പരപ്പനങ്ങാടി, കോഴിക്കോട്, മലപ്പുറം ഭാഗങ്ങളിലേക്കുളള റോഡിന്റെ സമീപത്തായിരുന്നു പരിശോധന. പരപ്പനങ്ങാടി റോഡിലെ ഒരു ആരാധനാലയം, കൂൾബാർ, മലപ്പുറം റോഡിലെ ഒരു ബേക്കറി. ,കോഴിക്കോട് റോഡിലെ ഒരു ചായക്കട, കൂൾബാർ, ബാർബർ ഷോപ്പ് എന്നിവിടങ്ങളിൽ നിന്നും ഓടയിലേക്ക് മാലിന്യമൊഴുക്കുന്നതായി കണ്ടെത്തി. ചെമ്മാട് -കോഴിക്കോട് റോഡിൽ ഓടയിൽ നിന്നുളള മാലിന്യങ്ങൾ റോഡിലേക്കൊഴുകിനാട്ടുകാർക്കും യാത്രക്കാർക്കും ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരുന്നു. പ്രതിഷേധം രൂക്ഷമായതോടെയാണ് നഗരസഭ കർശന നടപടികളെടുത്തത്. നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർമാരായ സന്തോഷ് കുമാർ, മുഹമ്മദ് റഫീഖ് അലി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഖൈറുന്നിസ, നഗരസഭ ജീവനക്കാരനായ സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി. പരിശോധന ഇന്നും തുടരുമെന്നും കുറ്റക്കാരായ വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദ് ചെയ്യുമെന്നും നഗരസഭ സെക്രട്ടറി നാസിം അറിയിച്ചു. ഓടയിലേക്കൊഴുക്കുന്ന പൈപ്പ് ഒഴിവാക്കാൻ ആരാധനാലയത്തിന് ഏഴ് ദിവസവും മറ്റു സ്ഥാപനങ്ങൾക്ക് 24 മണിക്കുറുമാണ് സമയം കൊടുത്തിട്ടുളളത്