മഞ്ചേരി: ക്വാറി വ്യവസായത്തിൽ പങ്കാളിത്തം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് അരക്കോടി തട്ടിയെന്ന കേസിൽ പി.വി.അൻവർ എം.എൽ.എ.യെ രക്ഷപ്പെടുത്താൻ പൊലീസ് ശ്രമിക്കുന്നതായിആരോപണം. പി.വി.അൻവറിന്റെ പേരിലുളള ക്രിമിനൽകേസ് സിവിൽ കേസാക്കണമെന്നാവശ്യപ്പെട്ടാണ് മഞ്ചേരി സി.ജെ.എം.കോടതിയിൽ പൊലീസ് അന്തിമറിപ്പോർട്ട് സമർപ്പിച്ചത്. സിവിൽ സ്വഭാവമുളള കേസായതിനാൽ തുടർനടപടികൾ ആവശ്യമില്ലെന്നും ഇതിൽ പറയുന്നു. പരാതിക്കാരനും പൊലീസ് നോട്ടീസ് നല്കി.
2017 ഡിസംബർ 21നാണ് കേസ് രജിസ്റ്റർ ചെയ്തത്. പി.വി അൻവർ എം.എൽ.എ 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയുമായി സലിം നടുത്തൊടി എന്നയാൾ മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. കോടതി നിർദ്ദേശത്തെ തുടർന്നാണ് മഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പരാതിക്ക് ആധാരമായ ബൽത്തങ്ങാടിയിലെ ക്രഷർ യൂണിറ്റിൽ പൊലീസ് സംഘം നടത്തിയ പരിശോധനയിൽ 26 ഏക്കറിൽ ക്രഷർയൂണിറ്റില്ലെന്ന് കണ്ടെത്തി. 1.87 ഏക്കറിലുളള ക്രഷറാണ് ബൽത്തങ്ങാടിയിലുള്ളത്. രജിസ്ട്രേഷൻ രേഖകളിൽ ഈ ഭൂമി പി.വി. അൻവർ വാങ്ങിയതായി കണ്ടെത്തിയിട്ടുണ്ടെന്നും രേഖകൾ പോലീസ് ശേഖരിച്ചിട്ടുണ്ടെന്നും പരാതിക്കാർ പറയുന്നു.
തിരഞ്ഞെടുപ്പ് സത്യവാംഗ്മൂലത്തിൽ ഈ ഭൂമിയെ സംബന്ധിച്ച് ആരോപണ വിധേയനായ പി.വി അൻവർ വിവരം നല്‍കിയിട്ടില്ലെന്നും പരാതിക്കാർ ആരോപിക്കുന്നുണ്ട്.
പരാതി
2012ലാണ് കേസിനാസ്പദമായ സംഭവം.
കർണാടകയിലെ ബൽത്തങ്ങാടി താലൂക്കിലെ തണ്ണീർപന്തൽ പഞ്ചായത്തിലുള്ള മാലോടത്ത് കാരായയിൽ 26 ഏക്കറിൽ ക്രഷർ യൂണിറ്റ് നടത്തുന്നുണ്ടെന്നാണ് തന്നെ വിശ്വസിപ്പിച്ചിരുന്നതെന്ന് സലീമിന്റെ പരാതിയിൽ പറഞ്ഞിരുന്നു.
10ലക്ഷം രൂപ ചെക്കായും 40ലക്ഷം പണമായും കൈപ്പറ്റിയ ശേഷം ലാഭമോ മുതലോ നൽകിയില്ലെന്നും പണം തിരികെ ചോദിച്ചിട്ടും ഫലമുണ്ടായില്ലെന്നും പരാതിയിലുണ്ട്.