മലപ്പുറം: വീട്ടകങ്ങളിൽ വയോജനങ്ങൾക്കെതിരായ അതിക്രമങ്ങൾക്ക് തടയിടാനും അവകാശങ്ങൾ സംരക്ഷിക്കാനുമായി പഞ്ചായത്തുകളിൽ വയോജന ജാഗ്രത സമിതികൾ രൂപീകരിക്കും. മറ്റത്തൂർ ഗ്രാമപഞ്ചായത്ത് വയോജന ക്ലബ്ബ് സെക്രട്ടറി ടി.ടി ശ്രീധരൻ മുതിർന്ന പൗരന്മാരുടെ ക്ഷേമം സംബന്ധിച്ച സമിതിക്ക് നൽകിയ നിവേദനത്തെ തുടർന്ന് എല്ലാ പഞ്ചായത്തുകളിലും സമിതി രൂപവത്കരിക്കാൻ പഞ്ചായത്ത് ഡയറക്ടർ ഉത്തരവിട്ടിട്ടുണ്ട്. വയോജനങ്ങളുടെ സ്വാതന്ത്ര്യ നിഷേധം, ഗാർഹിക പീഡനം, അതിക്രമങ്ങൾ, അവകാശ ലംഘനം എന്നിവ സംബന്ധിച്ച് സമിതിക്ക് പരാതി നൽകാം. ഇക്കാര്യങ്ങൾ ആവർത്തിക്കാതിരിക്കാനും പരാതികളിൽ വേഗത്തിൽ നടപടികളെടുക്കാനും ജാഗ്രതാ സമിതിക്ക് ചുമതലയുണ്ട്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ഐ.സി.ഡി.എസ് ചെയർപേഴ്സൺ, സൂപ്പർവൈസർ, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, സെക്രട്ടറി, മെഡിക്കൽ ഓഫീസർ, എസ്.ഐ, സീനിയർ സിറ്റിസൺ ഫോറത്തിലെ ഒരംഗം, വില്ലേജ് ഓഫീസർ എന്നിവരാണ് സമിതിയിലുണ്ടാവുക. അതേസമയം സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പുവരുത്താനും അതിക്രമങ്ങളിൽ ഇരയാകുന്നത് തടയാനും വേണ്ടി തുടങ്ങേണ്ട ജാഗ്രതാ സമിതികൾ ജില്ലയിലെ മിക്ക പഞ്ചായത്തുകളിലുമില്ല. അധികൃതർ ഉണർന്ന് പ്രവർത്തിച്ചില്ലെങ്കിൽ വയോജന സമിതിക്കും സമാനഗതിയാവുമെന്ന് വയോജന ക്ലബ്ബ് ഭാരവാഹികൾ പറയുന്നു. അതിക്രമങ്ങൾക്ക് ഇരയായാൽ പോലും വയോജനങ്ങളിൽ നല്ലൊരു പങ്കും ഇക്കാര്യം പുറത്തുപറയാൻ മടിക്കുകയാണ്. തങ്ങളുടെ സംരക്ഷണത്തിന് നിയമമുണ്ടെന്ന് പോലും പലർക്കുമറിയില്ല. വയോജനങ്ങൾക്ക് ഒത്തുകൂടാനും ഒറ്റപ്പെടലിൽ നിന്ന് രക്ഷ നേടാനുമായി സർക്കാർ തുടങ്ങിയ പകൽവീട് പദ്ധതി ജില്ലയിൽ പല പഞ്ചായത്തുകളിലും തുടങ്ങിയിട്ടില്ല. പ്രവർത്തനം തുടങ്ങിയ ഇടങ്ങളിലും ഇതു യഥാവിധിയല്ല. വിശ്രമിക്കാനും വിനോദത്തിനുമുള്ള സൗകര്യങ്ങളും ഉച്ചഭക്ഷണവും പോഷകാഹാരവും ഉറപ്പുവരുത്തുന്ന പദ്ധതിയാണ് നടത്തിപ്പിലെ അലംഭാവം മൂലം പ്രയോജനം ലഭിക്കാതെ പോവുന്നത്. 5 ലക്ഷം രൂപയാണ് പകൽവീട് പദ്ധതിക്ക് ബ്ലോക്ക് പഞ്ചായത്ത് മുഖേന പഞ്ചായത്തുകൾക്ക് സഹായമായി ലഭിക്കുന്നത്.