പൊന്നാനി: ജന്മനാ ഉളള വൈകല്യത്തെ പ്രതിഭകൊണ്ട് മറികടക്കുന്ന നൗഫിയയ്ക്കും നസ്രിയയ്ക്കും സ്നേഹഭവനമൊരുങ്ങി.
സി.പി.എം സൈബർ വോയ്സിന്റെ നേതൃത്വത്തിൽ ആലങ്കോട് കക്കിടിക്കലിൽ നിർമ്മിച്ചു നൽകിയ 'സ്നേഹഭവന'ത്തിന്റെ താക്കോൽദാനം നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നിർവഹിച്ചു.സ്പൈനൽ മസ്കുലാർ അട്രോഫി എന്ന അപൂർവ്വ രോഗത്തെ തുടർന്ന് ജീവിതം വീൽചെയറിലായ ഇരുവരും സ്വന്തം വീടെന്ന സ്വപ്നം യാഥാർത്ഥ്യമായതിന്റെ സന്തോഷത്തിലാണ്.
അംഗവൈകല്യമുള്ള ഇവരെയുംകൊണ്ട് നിർധന കുടുംബം വർഷങ്ങളായി വാടക ക്വാർട്ടേഴ്സിലായിരുന്നു താമസം. ഇവരുടെ ദുരിതമറിഞ്ഞ് നാട്ടുകൂട്ടം വാട്സാപ്പ് കൂട്ടായ്മ വീടുവയ്ക്കാനുള്ള സ്ഥലം വാങ്ങി. തുടർന്നാണ് സി.പി.എം സൈബർ വോയ്സ് നവമാദ്ധ്യമ കൂട്ടായ്മ വീടുനിർമ്മാണത്തിനായി മുന്നിട്ടിറങ്ങിയത്.
സ്പീക്കർ പി. ശ്രീരാമകൃഷ്ണനും ഉദാരമതികളായ വ്യക്തികളും വിവിധ വാട്സാപ് കൂട്ടായ്മകളും സംഘടനകളും പ്രദേശത്തെ മറ്റൊരു വാട്ട്സ്ആപ്പ് കൂട്ടായ്മയായ 'ഉണർവ്വും ' വലിയ സഹായം നൽകി. നിർമ്മാണത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ഭവന നിർമ്മാണ കമ്മിറ്റിക്ക് രൂപം നൽകിയിരുന്നു.
ജീവിതത്തെ സർഗ്ഗാത്മകമായി സ്വീകരിച്ച നൗഫിയയും നസ്രിയയും പാട്ടു പാടിയും ചിത്രം വരച്ചും വിധിക്കെതിരെ നിറമുള്ള പോരാട്ടത്തിലാണ്.ബി.പി അങ്ങാടി സ്വദേശി അഷറഫും ഫൗസിയയുമാണ് മാതാപിതാക്കൾ.
ജനിച്ച് ഏതാനും മാസങ്ങൾ പിന്നിട്ടപ്പോൾ തന്നെ ശരീരവളർച്ച മുരടിക്കുന്ന അപൂർവ്വ രോഗം തിരിച്ചറിഞ്ഞിരുന്നു.16 കാരി നൗഫിയക്കും 14കാരി നസ്രിയക്കും വൈകല്യം തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിന് തടസ്സമായില്ല.
പട്ടാമ്പി എം.എൽ.എ മുഹമ്മദ് മുഹ്സിൻ, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം ടി.എം. സിദ്ദിഖ്, ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗം എം.ബി.ഫൈസൽ, വി.കുഞ്ഞുമുഹമ്മദ്, വട്ടംകുളം പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ പാറയക്കൽ, സൈബർ വോയ്സ് അംഗങ്ങളായ ബഷീർ, മജീദ്, വാപ്പുട്ടി, സനീഷ്, ഗോപി, ഭവന നിർമ്മാണ കമ്മിറ്റി ചെയർമാൻ ദാസൻ, കൺവീനർ നഹാസ് കക്കിടിപ്പുറം, വൈസ് ചെയർമാൻ ഷെരീഫ്, ട്രഷറർ ഷിഹാബ് മോസ്കോ എന്നിവർ പങ്കെടുത്തു.