മഞ്ചേരി: കവളങ്ങാട് മേഖലയിൽ മാലിന്യം തള്ളാനുള്ള ശ്രമത്തിനെതിരെ നാട്ടുകാർ രംഗത്തെത്തി. മാലിന്യവുമായെത്തിയ വാഹനം തദ്ദേശീയർ തടഞ്ഞിട്ടു. സംഭവത്തിൽ പൊലീസ് ശക്തമായ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് നാട്ടുകാർ റോഡുപരോധിച്ചു. മഞ്ചേരി കെ. സെയ്താലിക്കുട്ടി ബൈപ്പാസ് റോഡിൽ കവളങ്ങാട് ഭാഗത്ത് സ്ഥിരം മാലിന്യങ്ങൾ തളളുന്നിടത്ത് നിറുത്തിയിട്ട ലോറിയാണ് നാട്ടുകാർ സംഘടിച്ചെത്തി തടഞ്ഞത്. വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തിയെങ്കിലും ശക്തമായ നിലപാടു സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് നാട്ടുകാർ ബൈപ്പാസ് റോഡ് ഉപരോധിച്ചു. വൻതോതിൽ മാലിന്യങ്ങൾ തള്ളുന്നത് ജനജീവിതത്തെ സാരമായി ബാധിക്കുന്നുണ്ട്. മാലിന്യങ്ങൾ ഒഴുകിയെത്തി കിണറുകളുൾപ്പെടെയുള്ള ജലാശയങ്ങൾ മലിനമാവുന്നു. ഇവിടെ നിരീക്ഷണ സംവിധാനം ഒരുക്കുമെന്ന് നഗരസഭ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പ്രവർത്തികമായിട്ടില്ല. മാലിന്യം നിക്ഷേപിക്കാനെത്തുന്നവരെ കൈയോടെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചാലും ചെറിയ നടപടി മാത്രം സ്വീകരിച്ച് പ്രതികൾക്കു രക്ഷപ്പെടാൻ പൊലീസ് അവസരമൊരുക്കുകയാണെന്നും നാട്ടുകാർ ആരോപിക്കുന്നു. ഈ നില തുടർന്നാൽ സമരം ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം.