മലപ്പുറം: ആർ.ടി ഓഫീസിൽ നവംബർ 12 മുതൽ രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾക്ക് അന്നേ ദിവസം തന്നെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് വിതരണം ചെയ്യും. രാവിലെ ഒമ്പതിന് രജിസ്ട്രേഷനുള്ള വാഹനങ്ങൾ ബന്ധപ്പെട്ട രേഖകളും അപേക്ഷകളും സഹിതം പരിശോധനയ്ക്ക് ആർ.ടി ഓഫീസ് പരിസരത്ത് എത്തണം. 11ന് ശേഷം ഹാജരാവുന്ന വാഹനങ്ങൾ പരിശോധിക്കില്ല. ഉച്ചയ്ക്ക് 12 ന് വാഹനങ്ങൾക്ക് നമ്പർ അനുവദിക്കും. വൈകുന്നേരം അഞ്ചിന് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് കൈപ്പറ്റാൻ വാഹന ഉടമ തിരിച്ചറിയൽ കാർഡ് സഹിതം ഓഫീസിലെത്തണം. നേരിട്ട് ഹാജരാകാൻ സാധിക്കാത്തവർ ആർ.സി. തപാലിൽ ലഭിക്കാൻ 42 രൂപ സ്റ്റാമ്പ് പതിച്ച സ്വന്തം മേൽവിലാസമെഴുതിയ പോസ്റ്റ് കവർ സഹിതം അപേക്ഷിക്കുകയോ കേരള ഹൈക്കോടതി നിർദ്ദേശിച്ച പ്രകാരം നിർദ്ദിഷ്ട മാതൃകയിലുള്ള ഓതറൈസേഷൻ അപേക്ഷയുടെ കൂടെ സമർപ്പിച്ച് കൈപ്പറ്റാൻ മറ്റൊരാളെ ചുമതലപ്പെടുത്തുകയോ ചെയ്യണമെന്ന് മലപ്പുറം ആർ.ടി.ഒ അനൂപ് വർക്കി അറിയിച്ചു. രജിസ്ട്രേഷൻ പുതുക്കൽ, രൂപമാറ്റം വരുത്തൽ തുടങ്ങിയ പരിശോധനാ വാഹനങ്ങൾ ഹാജരാക്കേണ്ടത് ഉച്ചയ്ക്ക് 12 നും ഒന്നിനും ഇടയിലായിരിക്കണം.