ചേളാരി: ജനകീയ സമര സമിതിയുടെ ഒറ്റ ഡ്രൈവർ ടാങ്കർ ലോറി തടയൽ സമരം 19 ദിവസം പിന്നിട്ടു. ഒരു വണ്ടിക്ക് 5000 എന്ന തോതിൽ ലക്ഷങ്ങളാണ് പൊലീസ് ലോറിക്കാർക്ക് പിഴ ചുമത്തിയത്. നൂറിൽപരം ടാങ്കർ ലോറികളാണ് തടഞ്ഞ് പൊലീസിൽ ഏൽപ്പിച്ചത്.നിലവിൽ തേഞ്ഞിപ്പലത്ത് വാഹനങ്ങൾക്ക് കൈ കാണിക്കുമ്പോൾ നിറുത്താതെ പോകുന്നവയെ നാട്ടുകാർ പിന്തുടർന്ന് പിടിച്ച് കോട്ടയ്ക്കൽ പൊലീസിനും ഹൈവേ പൊലീസിനും കൈമാറിയിരുന്നു. ഐ.ഒ.സി ജനകീയ സമര സമിതി പ്രവർത്തകരും നാട്ടുകാരും വാഹനം തടയുന്നതിനെ തുടർന്ന് ജില്ലാ അതിർത്തിയായ ഇടിമുഴിക്കലിൽ നിന്നും ഒരു ഡ്രൈവറെ താൽക്കാലിക കൂലിക്ക് കയറ്റി വരുന്നതും പതിവായിട്ടുണ്ട്. ഇതിനായി ഏജന്റുമാർ പ്രവർത്തിക്കുന്നുണ്ട്. ഇതിനെതിരെ കളക്ടർക്കും എസ്.പിക്കും പരാതി നൽകിയതായി നേതാക്കൾ പറഞ്ഞു.പി.എം. മുഹമ്മദലി ബാബു, കെ.മുഹമ്മദ് ബാബു കോഹിനൂർ, കെ.ഫസീൽ എന്നിവരാണ് പരാതി നൽകിയത്.