മലപ്പുറം: ബന്ധു നിയമന വിവാദത്തിൽ രാജി ആവശ്യപ്പെട്ട് മന്ത്രി കെ.ടി ജലീലിന് നേരെ മലപ്പുറത്ത് അഞ്ചിടങ്ങളിൽ കരിങ്കൊടിയും ചീമുട്ടയേറും. മലപ്പുറം, കൊണ്ടോട്ടി, മേൽമുറി, തിരൂരങ്ങാടി, തിരൂർ എന്നിവിടങ്ങളിലായി വിവിധ പരിപാടികൾക്കെത്തിയ മന്ത്രിയെ കനത്ത പൊലീസ് സുരക്ഷ മറികടന്നാണ് യൂത്ത് ലീഗ്, എം.എസ്.എഫ് പ്രവർത്തകർ കരിങ്കൊടി വീശിയത്. പ്രതിഷേധം ഭയന്ന് റൂട്ട് മാറ്റിയ ഇടങ്ങളിലും കരിങ്കൊടി കാണിച്ചു.
മലപ്പുറത്ത് ഇമ്പിച്ചിബാവ ഭവന നിർമ്മാണ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനത്തിനെത്തിയ മന്ത്രിയുടെ വാഹനം തടഞ്ഞ ഇരുന്നൂറോളം പ്രതിഷേധക്കാരെ പൊലീസ് ലാത്തിവീശിയോടിച്ചു. മന്ത്രിയുടെ വാഹനത്തിന് നേരെ പ്രതിഷേധക്കാർ കരിങ്കൊടിയും ചീമുട്ടയുമെറിഞ്ഞു. പ്രതിഷേധക്കാരെ നേരിടാനായി ആർ.ആർ.ആർ.എഫ് സേനാംഗങ്ങളുൾപ്പെടെ വൻ പൊലീസ് സന്നാഹത്തെയാണ് നിയോഗിച്ചിരുന്നത്. സമ്മേളനഹാളിൽ കയറിക്കൂടി കരിങ്കൊടി വീശിയ മൂന്ന് യൂത്ത് ലീഗ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രതിരോധം ശക്തമാക്കി ജലീൽ
ബന്ധു നിയമന വിവാദത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പരസ്യ പിന്തുണയ്ക്ക് പിന്നാലെ പ്രതിരോധം ശക്തമാക്കി മന്ത്രി കെ.ടി. ജലീൽ. വിവാദം ഉണ്ടയില്ലാ വെടിയാണെന്നും കെ.എം. ഷാജി എം.എൽ.എയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധിയിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് പ്രതിഷേധമെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ ധനകാര്യ വികസന ഓഫീസ് സ്വാർത്ഥ താത്പര്യങ്ങൾക്ക് ഉപയോഗിച്ചവരാണ് തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നത്. 1,10,000 രൂപ ശമ്പളമുള്ള ഒരാൾ 86,000 രൂപയ്ക്ക് ജോലിയെടുക്കാൻ വേണ്ടി വരുമ്പോൾ ആ ചെറുപ്പക്കാരനെ അഭിനന്ദിക്കേണ്ടതിന് പകരം തകർക്കാനാണ് ശ്രമിക്കുന്നത്. കൂടിയ ശമ്പളം ലഭിക്കുന്ന ജോലി വേണ്ടെന്ന് വച്ചാണ് അദീപ് ഈ ജോലി സ്വീകരിച്ചതെന്നും മന്ത്രി കെ.ടി. ജലീൽ പറഞ്ഞു.