തേഞ്ഞിപ്പലം: എൻ.ഡി.എ ചെയർമാൻ അഡ്വ. പി.എസ്. ശ്രീധരൻപിള്ളയും കൺവീനർ തുഷാർ വെള്ളാപ്പള്ളിയും നയിക്കുന്ന ശബരിമല സംരക്ഷണ രഥയാത്ര ജില്ലയിലെത്തി. ഇന്നലെ വൈകിട്ട് 7.30ന് ചേളാരിയിലെത്തിച്ചേർന്ന യാത്രയെ സ്വീകരിക്കാൻ വൻജനാവലി എത്തിയിരുന്നു.എം.പ്രേമൻ, കെ.സി.വേലായുധൻ, അഡ്വ.എൻ.ശ്രീപ്രകാശ്, പി.ജയനിദാസൻ, നാരായണൻ നല്ലാട്ട്, ശിവാനന്ദൻ എന്നിവർ ചേർന്ന് ജാഥാ ക്യാപ്ടൻമാർക്ക് ഹാരാർപ്പണം നടത്തി. തുടർന്ന് നടന്ന ചടങ്ങിൽ ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രൻ അദ്ധ്യക്ഷനായി.
അധികാരമുപയോഗിച്ച് ഹിന്ദുമത വിശ്വാസത്തെ തകർക്കാനുള്ള സിപിഎമ്മിന്റെ നീക്കത്തിനെതിരെയുള്ള താക്കീതാണ് രഥയാത്രയെന്ന് അഡ്വ. പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു. ശബരിമലയിൽ ലാത്തി, തോക്ക് എന്നിവ ശരണ മന്ത്രങ്ങൾക്ക് മുമ്പിൽ മുട്ടുമടക്കിയെന്നും അദ്ദേഹം പറഞ്ഞു
കോടതിവിധിയുടെ പശ്ചാത്തലത്തിൽ ശബരിമലയിൽ ഏത് വിധേനയും യുവതികളെ കയറ്റിയേ അടങ്ങൂയെന്ന നിലപാട് ഉപേക്ഷിക്കാൻ സി.പി.എം തയ്യാറാകണമെന്ന് ബി.ഡി.ജെ.എസ് ചെയർമാൻ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.
എൻ.ഡി.എ ഘടകകക്ഷികളുടെ സംസ്ഥാന ജില്ലാ നേതാക്കൾ പ്രസംഗിച്ചു. ഇന്ന് പൊന്നാനിയിലെ സ്വീകരണത്തിന് ശേഷം ജാഥ പാലക്കാട് ജില്ലയിലേക്ക് പ്രവേശിക്കും.