പെരിന്തൽമണ്ണ: മങ്കട വെള്ളിലയിൽ ദളിത് വിദ്യാർത്ഥി ആക്രമണത്തിനിരയായ സംഭവത്തിൽ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ആരോപിച്ച് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാട്ടുകാർ മങ്കട പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. അക്രമത്തിനിരയായ മങ്കട ഗ്രാമപഞ്ചായത്ത് മെമ്പർ കൊണ്ടപ്പുറത്ത് അനിൽ കുമാറിന്റെ മകൻ യദുകൃഷ്ണൻ (20) ഏറെ നാളായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ്. ഗുരുതരമായ പരിക്കേറ്റിട്ടും നിസ്സാര വകുപ്പ് മാത്രം ചേർത്ത് കേസെടുത്ത് പ്രതികൾക്ക് രക്ഷപ്പെടാൻ അവസരം ഒരുക്കിയെന്നാണ് ആക്ഷേപം. മങ്കട മേലേ അങ്ങാടിയിൽ നിന്നും ആരംഭിച്ച മാർച്ച് പൊലീസ് സ്റ്റേഷൻ പരിസരത്ത് പെരിന്തൽമണ്ണ സി.ഐ ടി.എസ്. ബിനുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് തടഞ്ഞു. തുടർന്ന് നടത്തിയ ധർണ്ണ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഉമ്മർ അറയ്ക്കൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷാലി സേവ്യർ അദ്ധ്യക്ഷത വഹിച്ചു. ദളിത് ലീഗ് ജില്ലാ പ്രസിഡന്റ് എൻ.വി.മോഹൻദാസ്, വിവരാവകാശ പ്രവർത്തകൻ വിജയൻ ഏലംകുളം, മങ്കട ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റസിയ പൂന്തോട്ടത്തിൽ, പി.രാജീവ്, വി.ടി.അബ്ദുൽ മജീദ്, യു.മുസ്തഫ റഫീഖ് എന്നിവർ പ്രസംഗിച്ചു.