mm
.

മലപ്പുറം: ബന്ധു നിയമന വിവാദത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പരസ്യ പിന്തുണയ്ക്ക് പിന്നാലെ പ്രതിരോധം ശക്തമാക്കി മന്ത്രി കെ.ടി. ജലീൽ. വിവാദം ഉണ്ടയില്ലാ വെടിയാണെന്നും കെ.എം. ഷാജി എം.എൽ.എയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധിയിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് പ്രതിഷേധമെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ ധനകാര്യ വികസന ഓഫീസ് സ്വാർത്ഥ താത്പര്യങ്ങൾക്ക് ഉപയോഗിച്ചവരാണ് തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നത്. സത്യം ഒരിക്കൽ പുറത്തുവരും. ഓരോ ആരോപണങ്ങൾ പൊളിയുമ്പോഴും മറ്റൊരു ആരോപണവുമായി മാദ്ധ്യമങ്ങൾ രംഗത്തുവരികയാണ്. അഭിമുഖത്തിൽ പങ്കെടുത്ത യൂത്ത് ലീഗ് നേതാവിന് പോലും അവഗണിച്ചെന്ന പരാതിയില്ല. ഡിഗ്രികളുടെ യോഗ്യതയും അയോഗ്യതയും തീരുമാനിക്കുന്നത് മാദ്ധ്യമങ്ങളായിട്ടുണ്ട്. 1,10,000 രൂപ ശമ്പളമുള്ള ഒരാൾ 86,000 രൂപയ്ക്ക് ജോലിയെടുക്കാൻ വേണ്ടി വരുമ്പോൾ ആ ചെറുപ്പക്കാരനെ അഭിനന്ദിക്കേണ്ടതിന് പകരം തകർക്കാനാണ് ശ്രമിക്കുന്നത്. കൂടിയ ശമ്പളം ലഭിക്കുന്ന ജോലി വേണ്ടെന്ന് വച്ചാണ് അദീപ് ഈ ജോലി സ്വീകരിച്ചത്. ഇത് ബന്ധു നിയമനമോ ജോലിയില്ലാത്ത ആളെ കൊണ്ടുവന്ന് സ്ഥാനത്തിരുത്തിയതോ അല്ല. ഒരുവർഷത്തേക്കുള്ള താൽക്കാലിക നിയമനം മാത്രമാണിത്. ഈ പദവിയിലേക്ക് സ്ഥിരനിയമനം നടത്താനാവില്ല. ഏതെങ്കിലും ആളുകളെ ഈ പദവിയിൽ നിയമിക്കാനാവില്ലെന്നും മന്ത്രി കെ.ടി. ജലീൽ പറഞ്ഞു.