പുത്തനത്താണി: വെട്ടിച്ചിറയിലെ പുത്തനത്താണി റോഡിലുള്ള ബസ് വെയ്റ്റിംഗ് ഷെഡ്ഡിൽ ഇരിപ്പിടം ഉറപ്പിക്കുകയാണ് സലീം തൊഴിലാളി എന്നറിയപ്പെടുന്ന നാട്ടുകാരുടെ സലീമിക്ക. രണ്ട് തെങ്ങിൻ തടികൾ സംഘടിപ്പിച്ച് അത് വെയ്റ്റിംഗ് ഷെഡിൽ ഉറപ്പിക്കുകയാണ് അദ്ദേഹം. മുകൾ ഭാഗത്ത് ഒരു പ്ളേറ്റ് കമിഴ്ത്തി വച്ച് ഉറപ്പിക്കും. രണ്ട് പേർക്കുളള ഇരിപ്പിടം റെഡി. ബസ് സ്റ്റോപ്പ് ഉണ്ടെങ്കിലും ആൾക്കാർക്ക് ഇരിപ്പിടമില്ല. ബസ് വരുന്നത് വരെ കാത്തുനിൽക്കണം. വൃദ്ധരും സ്ത്രീകളുമടക്കമുളളവർ കാത്തുകെട്ടി നിൽക്കുന്നത് സലീമിന് സഹിച്ചില്ല. അങ്ങനെയാണ് തന്നെക്കൊണ്ട് കഴിയും വിധം ആർഭാടമായി ഇരിപ്പിടം ഉണ്ടാക്കാൻ ഇറങ്ങിത്തിരിച്ചത്. തൊട്ടടുത്തുളള പുന്നത്തലയിലെ ബസ് സ്റ്റോപ്പിലും ഇത്തരത്തിൽ ഇരിപ്പിടം ഉറപ്പിച്ചിട്ടുണ്ട് സലീം.
സലീം ഇങ്ങനെയാണ്. നാട്ടിൽ ആർക്കു എന്തു പ്രശ്നം വന്നാലും സലീം അവിടെ കാണും. കിണറ്റിൽ എന്തെങ്കിലും വീഴുക, മേൽക്കൂരയ്ക്ക് മുകളിൽ മരമോ മറ്റോ പൊട്ടി വീഴുക... അങ്ങനെ എന്തു കണ്ടാലും സലീം ഓടിയെത്തും. ഇല്ലെങ്കിൽ വിളിച്ചാൽ മതി. സഹായഹസ്തവുമായി സലീം റെഡി. പ്രളയസമയത്ത് വീടുകൾ ശുചീകരിക്കാനും മറ്റു സഹായങ്ങൾക്കുമായി സലീം മുന്നിലുണ്ടായിരുന്നു. നിരവധി വീടുകളാണ് വാസയോഗ്യമാക്കി നൽകിയത്. അപകട വിവരമറിഞ്ഞാൽ രക്ഷാപ്രവർത്തനത്തിലും സലീം മുന്നിലുണ്ടാവും. വിവിധ തൊഴിലുകൾ ചെയ്താണ് ഉപജീവനം നടത്തുന്നത്. എന്നാൽ നാട്ടുകാരെ സഹായിക്കുന്നതിന്റെ ഭാഗമായുളള ജോലികൾക്കൊന്നും ആരോടും പ്രതിഫലം വാങ്ങില്ല. 'അത് പടച്ചോൻ തന്നോളും". അതാണ് സലീമിക്ക.