എടപ്പാൾ: ആരാധന മനുഷ്യന്റെ മൗലിക അവകാശമാണെന്നും ഇതിന് തടയിടുന്ന പിണറായി ആധുനിക സ്റ്റാലിനായി മാറിയെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ് ശ്രീധരൻ പിള്ള പറഞ്ഞു. എൻ.ഡി.എ ശബരിമല സംരക്ഷണ രഥയാത്രയ്ക്ക് എടപ്പാളിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് സ്വയംഭൂവായ സമരമാണ്. ആത്മവിശ്വാസമാണ് ഈ സമരത്തിന്റെ മർമ്മം. അത് തന്നെയാണ് ഇതിന്റെ വിജയവും. സി.പി.എമ്മും കോൺഗ്രസ്സും ഒരമ്മ പെറ്റ ഇരട്ട മക്കളെ പോലെയാണ് പെരുമാറുന്നത്. സി.പി.എം മാദ്ധ്യമപ്രവർത്തകരുടെ പേരിൽ ഒരുഫാക്ഷനുണ്ടാക്കി അവരുടെ മേൽ നുകം വെച്ച് അവരെ കൂടുതലായി മറ്റുള്ളവർക്കെതിരെ പ്രവർത്തിപ്പിക്കുകയാണ്. മാറാട് ഹിന്ദുക്കൾ കൊലചെയ്യപ്പെട്ടപ്പോൾ പുറകിൽ നിന്ന് കുത്തിയ പാരമ്പര്യമാണ് കെ. മുരളീദരന്റേത്. അന്ന് ഹിന്ദുക്കളെ സഹായിച്ച നേതാവിനെ മുക്കാലിൽ കെട്ടി അടിക്കണമെന്നാണ് പറഞ്ഞത്. കെ. മുരളീദരന്റെ ഭാവി എന്തായിരിക്കുമെന്ന് രാഷ്ട്രീയ കേരളം നിശ്ചയിക്കുമെന്നും ശ്രീധരൻ പിള്ള പറഞ്ഞു. കേരളത്തിലെ ഇടത്, വലതു മുന്നണികൾ ഹിന്ദുക്കൾക്കെതിരെ തിരിഞ്ഞിരിക്കുകയാണെന്ന് എൻ.ഡി.എ കൺവീനറും ബി.ഡി.ജെ.എസ് ചെയർമാനുമായ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. മോദി അധികാരത്തിൽ വന്നതിനുശേഷം മത, ജാതി ലഹളകളും അക്രമങ്ങളും ഇല്ലാതായി. എന്നാൽ കേരളത്തിൽ ഹിന്ദുക്കൾ പുറമ്പോക്കിൽ കിടക്കണമെന്ന നിലപാടാണ് സി.പി.എം സ്വീകരിക്കുന്നത്. ഹിന്ദുക്കളെ മുന്നാക്ക, പിന്നാക്ക ജാതി തിരിച്ചു ലഹളകൾ ഉണ്ടാക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ഹിന്ദു വിധവകൾക്ക് പോലും മതപരമായ വിവേചനം നേരിടുന്നു. ന്യൂനപക്ഷ വിധവകൾക്ക് ലഭിക്കുന്ന പെൻഷൻ പോലും അവർക്കു ലഭിക്കുന്നില്ല. ഇന്നു ഹിന്ദു സമൂഹത്തിനാണെങ്കിൽ നാളെയിത് ക്രിസ്ത്യൻ, മുസ്ലിം സഹോദരങ്ങൾക്കും അവരുടെ വിശ്വാസങ്ങൾക്കും നേരിടേണ്ടി വരുമെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ഇതരസംസ്ഥാനത്തുനിന്നും വിദേശത്തു നിന്നും വരുന്ന അയ്യപ്പ ഭക്തൻമാർ പൊലീസ് പാസോടെ ശബരിമലയിൽ വരണമെന്നാണ് പിണറായി വിജയൻ പറയുന്നത്. ഇത്തരത്തിലുള്ള അനാവശ്യമായ തീരുമാനങ്ങളിൽ നിന്ന് സർക്കാർ പിന്മാറണം. കേരളത്തിലെ ഹിന്ദുക്കളെ മുഴുവൻ അനാവശ്യമായി ജയിലടച്ചു ഈ സമരത്തെ തകർക്കാമെന്നാണ് വിചാരിച്ചതെങ്കിൽ നടക്കില്ലെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു
ജാഥാ കോർഡിനേറ്റർ എ.എൻ രാധാകൃഷ്ണൻ ആമുഖപ്രഭാഷണം നടത്തി. ബി.ഡി.ജെ.സ് ജില്ലാ പ്രസിഡന്റ് ദാസൻ കോട്ടക്കൽ അധ്യക്ഷത വഹിച്ചു. ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം പി.കെ കൃഷ്ണദാസ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം.ടി രമേശ്, കെ.സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ, കെ.പി.എം.എസ് സംസ്ഥാന അദ്ധ്യക്ഷൻ നീലകണ്ഠൻ, എൻ.ഡി.എ നേതാക്കളായ സുഭാഷ് വാസു, രാജൻ കണ്ണാട്ട്, ടി.വി ബാബു, കെ.കെ പൊന്നപ്പൻ, വി.ഗോപകുമാർ, പത്മകുമാർ, കുരുവിള മാത്യൂസ്, സന്തോഷ് അരയക്കണ്ടി, ബി.ജെ.പി നേതാക്കളായ എൻ.ശിവരാജൻ, ഡോ പി.പി. വാവ, പ്രമീളാ സി നായ്ക്, പി.എം വേലായുധൻ, കെ.പി ശ്രീശൻ, ബി.ഗോപാലകൃഷ്ണൻ, പ്രൊഫ വി.ടി രമ, പ്രകാശ് ബാബു, വി.കെ സജീവൻ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ. രാമചന്ദ്രൻ, ജില്ലാ നേതാക്കളായ രവി തേലത്ത്, കെ.നാരായണൻ, കെ.പി മാധവൻ, ഗീത മാധവൻ, എം പ്രേമൻ, രാജീവ് കല്ലംമുക്ക്, കെപി അശോകൻ എന്നിവർ നേതൃത്വം നൽകി.