എടപ്പാൾ: ബന്ധുനിയമന വിവാദത്തിൽപ്പെട്ട മന്ത്രി കെ ടി ജലീൽ മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത്‌കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിന് നേരെ പൊലിസ് ലാത്തിച്ചാർജ് നടത്തി. ലാത്തിച്ചാർജിൽ 10 യൂത്ത്‌കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു. ഇവരെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് മൂന്നരയോടെ എടപ്പാൾ ജങ്ഷനിലെ കുറ്റിപ്പുറം റോഡിൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ നടന്ന പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രിയെയാണ് അമ്പതോളം വരുന്ന യൂത്ത്‌കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. മന്ത്രിയുടെ കാറിലേയ്ക്ക് പ്രവർത്തകർ ചീമുട്ടയെറിഞ്ഞ് കരിങ്കൊടികളുമായി മന്ത്രിയുടെ അടുത്തെത്തിയപ്പോഴേയ്ക്കും സ്ഥലത്ത് ക്യാംപ് ചെയ്തിരുന്ന പൊലിസ് ലാത്തിവീശി. യൂത്ത്‌കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. എ.എം. രോഹിത്, ഇ.പി രാജീവ്, കണ്ണൻ നമ്പ്യാർ, രഞ്ജിത് തുറയാറ്റിൽ, ആഷിഫ് പൂക്കരത്തറയടക്കം ഇരുപതോളം പേരെ പോലിസ് അറസ്റ്റ് ചെയ്തു. ഇവരെ ചങ്ങരംകുളംപോലിസ് സ്‌റ്റേഷനിലേയ്ക്ക് കൊണ്ടുപോയി.