dr-prabhakaran-payashi
ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ 82ാം വാർഷികത്തിന്റെ ജില്ലാതല പരിപാടി എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ ഡോ. പ്രഭാകരൻ പഴശ്ശി സംസാരിക്കുന്നു.

കൊണ്ടോട്ടി: നവോത്ഥാന മൂല്യങ്ങളെ തിരസ്‌കരിച്ച് ജാതി സംഘടനകൾ വോട്ട് ബാങ്കുകളായി മാറിയതാണ് നിലവിലെ പ്രശ്‌നങ്ങൾക്ക് കാരണമെന്ന് പ്രമുഖ എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ ഡോ. പ്രഭാകരൻ പഴശ്ശി. മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി ഹാളിൽ നടക്കുന്ന ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ 82ാം വാർഷികത്തിന്റെ ജില്ലാതല പരിപാടിയുടെ രണ്ടാം ദിനത്തിൽ 'ആചാര വിശ്വാസങ്ങളും ഭരണഘടനയും' എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നവോത്ഥാന നേതാക്കൾ നമുക്ക് നേടി തന്ന മൂല്യങ്ങളും സാംസ്‌കാരിക സാമൂഹിക രംഗത്തെ മുന്നേറ്റങ്ങളെയും മറക്കുന്ന രീതികളിൽ നിന്ന് നാം മുന്നോട്ട് വരണം. സ്ത്രീപുരുഷ സമത്വത്തിനായി വാദിക്കുന്ന കാലത്ത് സ്ത്രീകൾ സ്വയം അശുദ്ധരാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത് യുക്തിക്ക് നിരക്കാത്തതാണെന്നും സ്ത്രീകൾ സ്വയം ആത്മ പരിശോധനയ്ക്ക് വിധേയമാകണമെന്നും പ്രഭാകരൻ പഴശ്ശി പറഞ്ഞു.

ജാതിയേയും മത്തേയും ഇന്ന് വ്യവസായവത്കരിച്ചിരിക്കുകയാണ്. ഭരണഘടനപരമായ നടപടി ക്രമങ്ങളെ മറികടക്കാൻ ശ്രമിക്കുന്നത് രാജ്യദ്രോഹമാണ്. ഭരണഘടനയ്ക്ക് അനുസൃതമായാണ് നാം ജീവിക്കേണ്ടത്. പല ക്ഷേത്രങ്ങളും സാമ്പത്തിക ലാഭമുണ്ടാക്കാനുള്ള കേന്ദ്രങ്ങളായി മാറി. ഇതോടെ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് രാഷ്ട്രീയ നേട്ടത്തിനും അധികാരത്തിനുമാണ് ചിലരുടെ ശ്രമം. ശബരിമല വിഷയത്തിൽ ഇക്കാര്യങ്ങൾ വ്യക്തമാണ്. മുഖ്യമന്ത്രി ശബരിമല വിഷയത്തിൽ എടുത്ത നിലപാട് അദ്ദേഹത്തെ നവോത്ഥാന നായകന്മാരിലൊരാളാക്കി മാറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിപാടിയിൽ മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി ചെയർമാൻ ടി.കെ ഹംസ അധ്യക്ഷനായി. സെക്രട്ടറി റസാഖ് പയമ്പ്രോട്ട്, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എൻ.പ്രമോദ് ദാസ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി. അയ്യപ്പൻ, അസിസ്റ്റന്റ് ഇർഫർമേഷൻ ഓഫീസർ ഐ. ആർ. പ്രസാദ് , അസിസ്റ്റന്റ് എഡിറ്റർ ശ്രീകാന്ത് എം.ഗിരിനാഥ്, ജില്ലാ വിമുക്തി കോഓർഡിനേറ്റർ ബി.ഹരികുമാർ എന്നിവർ സംസാരിച്ചു. ഇന്ന് മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി ഹാളിൽ 'നവോത്ഥാനം കുതിപ്പും കിതപ്പും' എന്ന വിഷയത്തിൽ പ്രൊഫ. എം.എം നാരായണൻ പ്രഭാഷണം നടത്തും. വൈകീട്ട് നാലിന് ഡോക്യുമെന്ററി പ്രദർശനവും തുടർന്ന് സുരേഷ് തിരുവാലിയും സംഘവും അവതരിപ്പിക്കുന്ന നാടൻ പാട്ടുകളും അരങ്ങേറും.