കോട്ടക്കൽ: കുളവാഴയിൽ നിന്ന് സാനിറ്ററി നാപ്കിൻ നിർമ്മിച്ച് എ.കെ.എം.എച്ച്.എസ്.എസ് കോട്ടൂർ സ്കൂളിലെ വിദ്യാർത്ഥികൾ സംസ്ഥാന ശാസ്ത്ര കോൺഗ്രസിലേക്ക്. പത്താംതരം വിദ്യാർത്ഥികളായ ഇ.അശ്വതി, പി.വി ഹെന്ന സുമി, എസ് ശ്രീജേഷ് വാര്യരും ബയോളജി അദ്ധ്യാപകനായ കെ.എസ് ശരത്തും ചേർന്നാണ് കുളവാഴയെ എങ്ങനെ ഉപയോഗപ്രദമാക്കാമെന്ന അന്വേഷണമാണ് നാപ്കിൻ നിർമ്മാണത്തിലേക്ക് എത്തിച്ചത്.
കുളവാഴ ഇവ വളരുന്ന ജലാശയങ്ങളിലെ ഓക്സിജന്റെ അളവ് കുറയ്ക്കുകയും കൂടുതൽ ജലനഷ്ടം വരുത്തുകയും ചെയ്യുന്നു. ഇതിനുപുറമേ കൊതുകിന്റെ പെരുപ്പ് നിരക്ക് കൂട്ടാനും ഇത് കാരണമാകുന്നു. ഇവയുടെ പൂർണമായ നിയന്ത്രണം ഫലപ്രദമല്ലെന്നതിനാൽ ഉപയോഗത്തിലൂടെ നിയന്ത്രണം എന്ന ആശയമാണ് ഇവർ രൂപപ്പെടുത്തിയത്. കുളവാഴ ഉപയോഗിച്ചുള്ള സാനിറ്ററി നാപ്കിൻ നിർമാണമാണ് ഇവർ ചെയ്തത്. ഉണക്കിയെടുത്ത കുളവാഴ നാരും പരുത്തിയും ചേർത്താണ് സാനിറ്ററി നാപ്കിൻ നിർമ്മിച്ചത്. ഈ പരിസ്ഥിതി സൗഹൃദ നാപ്കിനുകൾ കമ്പോസ്റ്റ് ആക്കിമാറ്റുവാനും സാധിക്കും.
നൂതനകണ്ടെത്തലിലൂടെ കുളവാഴയുടെ പൂർണ്ണമായ നിയന്ത്രണത്തോടൊപ്പം പ്ലാസ്റ്റിക് അടങ്ങിയ സാനിറ്ററി നാപ്കിനുകളുടെ നിർമ്മാർജ്ജനം സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളിൽ നിന്നും മുക്തിയും നേടാം.
സംസ്ഥാന ബാലശാസ്ത്ര കോൺഗ്രസിലേക്കു തിരഞ്ഞെടുക്കപ്പെട്ട പഠനം മലപ്പുറം ഉപ ജില്ലാ ശാസ്ത്രമേളയിൽ റിസർച്ച് ടൈപ്പ് പ്രോജക്ട്, ടീച്ചേഴ്സ് പ്രോജക്ട് എന്നിവയിലും ഒന്നാംസ്ഥാനം നേടി. ഈ കണ്ടെത്തൽ ജനങ്ങളിലേക്കെത്തിക്കുന്നതിനായി മന്ത്രി കെ,കെ ശൈലജയ്ക്കും കൃഷി വകുപ്പ് മന്ത്രി സുനിൽകുമാറിനും പഠനറിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.