ll
.

മലപ്പുറം: വിശ്വാസം സംരക്ഷിക്കാൻ, വർഗ്ഗീയതയെ തുരത്താൻ എന്ന മുദ്രാവാക്യവുമായി കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ നയിക്കുന്ന വിശ്വാസ സംരക്ഷണ യാത്ര ഇന്നും നാളെയും ജില്ലയിൽ പര്യടനം നടത്തും. രാവിലെ 9.30ന് ജില്ലാ അതിർത്തിയായ ഐക്കരപ്പടിയിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകും. 10 മണിക്ക് കൊണ്ടോട്ടിയിലെത്തുന്ന യാത്ര യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് നിലമ്പൂരിലും ആറിന് വണ്ടൂരിലുമാണ് സ്വീകരണം. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി പങ്കെടുക്കും.

നാളെ രാവിലെ 10ന് അങ്ങാടിപ്പുറത്ത് നൽകുന്ന സ്വീകരണം മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് തിരൂരിലെത്തും. ആറിന് ചമ്രവട്ടം ജംഗ്ഷനിൽ നടക്കുന്ന ജില്ലയിലെ സമാപനസമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മുസ്‌ലിംലീഗ് നേതാക്കളും യോഗങ്ങളിൽ പങ്കെടുക്കും. ഇതു സംബന്ധിച്ച വാർത്താസമ്മേളനത്തിൽ ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ്, ഭാരവാഹികളായ വീക്ഷണം മുഹമ്മദ്, അജേഷ്, സക്കീർ പുല്ലാര, പി.എ. മജീദ് എന്നിവർ പങ്കെടുത്തു.