വളാഞ്ചേരി: തിരുവനന്തപുരത്ത് നിന്നും മാനന്തവാടിയിലേക്ക് പോകവേ ടൂറിസ്റ്റ് ബസ് വട്ടപ്പാറയിൽ താഴ്ചയിലേക്ക് മറിഞ്ഞ് 23 പേർക്ക് പരിക്കേറ്റു. ഇന്നലെ പുലർച്ചെ നാലോടെയായിരുന്നു അപകടം. നാട്ടുകാരും പൊലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ വളാഞ്ചേരി നടക്കാവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇറക്കവും കൊടുംവളവുകളുമുള്ള വട്ടപ്പാറ അപകടങ്ങൾക്ക് കുപ്രസിദ്ധമാണ്. എന്നാൽ അപകടങ്ങളൊഴിവാക്കാൻ അധികൃതരുടെ ഭാഗത്ത് നിന്ന് കാര്യമായ നടപടിയില്ലെന്ന് ആക്ഷേപമുണ്ട്. പ്രധാന വളവിൽ തകർന്ന സുരക്ഷാ ഭിത്തി പുനർനിർമ്മിച്ചിട്ടുണ്ടെങ്കിലും റോഡിന്റെ വശങ്ങളിലും ഇരുമ്പുവേലി സ്ഥാപിക്കണമെന്ന ആവശ്യം നടപ്പായിട്ടില്ല.